ടെല്‍അവീവ്: രാജ്യത്തിന്റെ നിലവിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കി.
വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പുതിയ പ്രതിരോധ മന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, കാറ്റ്‌സിന്റെ പിന്‍ഗാമിയായി ഗിഡിയന്‍ സാറിനെ വിദേശകാര്യ മന്ത്രിയായും നിയമിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി യോവ് ഗാലന്റിലുള്ള വിശ്വാസം തകര്‍ന്നു. ഇതിനാല്‍ പ്രതിരോധ മന്ത്രിയുടെ കാലാവധി അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു, ഈ സ്ഥാനത്തേക്ക് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിനെ നിയമിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇസ്രായേലിന്റെ സുരക്ഷ എല്ലായ്‌പ്പോഴും തന്റെ മുന്‍ഗണനയായി തുടരുമെന്ന് യോവ് ഗാലന്റ് എക്സില്‍ കുറിച്ചു. ഇസ്രായേല്‍ രാജ്യത്തിന്റെ സുരക്ഷ അന്നും ഇന്നും എന്നും എന്റെ ജീവിതത്തിന്റെ ദൗത്യമായി തുടരും, അദ്ദേഹം ഹീബ്രു ഭാഷയില്‍ പോസ്റ്റ് ചെയ്തു.
ഫലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെതിരെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യങ്ങളെച്ചൊല്ലി ഗാലന്റും നെതന്യാഹുവും മാസങ്ങളായി പരസ്പരം ഏറ്റുമുട്ടിയിരുന്നു.