ഫ്‌ളോട്ടില ബോട്ടുകൾക്കെതിരെ ആക്രമണത്തിന് ഉത്തരവിട്ടത് നെതന്യാഹു

ടുണീഷ്യൻ തീരത്ത് നങ്കൂരമിട്ട സമയത്ത് ഗ്ലോബൽ സമുദ് ഫ്‌ളോട്ടിലയുടെ ഭാഗമായ രണ്ട് ബോട്ടുകൾക്ക് നേരെ സെപ്തംബർ എട്ടിനും ഒമ്പതിനും ഉണ്ടായ ഡ്രോൺ ആക്രമണങ്ങളെ കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്

New Update
Untitled

ടെൽ അവീവ്: ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ ഫ്‌ളോട്ടില ബോട്ടുകൾക്കെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെന്ന് റിപ്പോർട്ട്.

Advertisment

ടുണീഷ്യൻ തീരത്ത് നങ്കൂരമിട്ട സമയത്ത് ഗ്ലോബൽ സമുദ് ഫ്‌ളോട്ടിലയുടെ ഭാഗമായ രണ്ട് ബോട്ടുകൾക്ക് നേരെ സെപ്തംബർ എട്ടിനും ഒമ്പതിനും ഉണ്ടായ ഡ്രോൺ ആക്രമണങ്ങളെ കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ബോട്ടുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ തീപിടിക്കും വിധത്തിലുള്ള വസ്തുവാണ് പതിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. പിന്നാലെയാണ് ഇത് ഡ്രോൺ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ആക്രമണത്തെ കുറിച്ച് പ്രതികരിക്കാൻ ഇസ്രയേൽ പ്രതിരോധ സേന തയ്യാറായിരുന്നില്ല.

അതേസമയം ആക്രമണത്തിലെ ഇസ്രയേൽ പങ്കാളിത്തം സ്ഥിരീകരിച്ചാലും അതിൽ അത്ഭുതപ്പെടാനില്ലെന്ന് ഗ്ലോബൽ സമുദ് ഫ്‌ളോട്ടില്ല പ്രസ്താവനയിലൂടെ അറിയിച്ചു. ആക്രമണം നടത്തിയത് തങ്ങളെ ഇല്ലാതാക്കാനും ബോട്ടുകളെ നശിപ്പിക്കാനുമായിരുന്നുവെന്ന് ​ഗ്ലോബൽ സമുദ് പറയുന്നു. 

ഗാസയിലേക്കുള്ള അനധികൃത ഉപരോധം തകര്‍ക്കാന്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ ഗാസയിലേക്ക് പുറപ്പെട്ടത്. ഫ്‌ളോട്ടിലയെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനെ വകവെക്കാതെ യാത്ര തുടർന്ന ബോട്ടുകളെ ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് പിടിച്ചെടുക്കുകയും ബോട്ടിലുണ്ടായിരുന്ന ഗ്രേറ്റ തുൻബർഗ് അടക്കം 450ലധികം വിദേശ ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ഈ നീക്കത്തിനെതിരെ ആ​ഗോള തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്.

ഫ്‌ളോട്ടില്ല ബോട്ടുകളിലുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഭീകരവാദികളെന്ന് അധിക്ഷേപിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ രം​ഗത്ത് വന്നതും വലിയ വിവാദങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ജൂണില്‍ ഗാസയിലേക്ക് പ്രവേശിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ നീക്കത്തെ ഇസ്രയേല്‍ തടഞ്ഞിരുന്നു.

Advertisment