"നീതിയും ഇനി തട്ടുകളായി; പാവപ്പെട്ടവന് ചാട്ടവാറടി, പണ്ഡിതന് ഉപദേശം! അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ക്രൂര നിയമം: അടിമത്തത്തിന് നിയമസാധുത, മുല്ലമാർക്ക് എന്തുമാവാം; നീതി ഇനി ജാതി നോക്കി

നൃത്തം ചെയ്യുക, 'അനാശാസ്യമെന്ന്' തോന്നുന്ന കൂട്ടായ്മകളില്‍ പങ്കെടുക്കുക തുടങ്ങിയവയ്ക്ക് കഠിനശിക്ഷ ലഭിക്കും. ഇവ നിര്‍വചിക്കാനുള്ള പൂര്‍ണ്ണ അധികാരം ജഡ്ജിമാര്‍ക്കാണ്.

New Update
Untitled

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മനുഷ്യാവകാശങ്ങളെ പാടേ തള്ളിക്കൊണ്ട് താലിബാന്‍ ഭരണകൂടം പുതിയ ക്രിമിനല്‍ നിയമം നടപ്പിലാക്കി.

Advertisment

സമൂഹത്തെ നാല് തട്ടുകളായി തിരിക്കുന്ന ഈ നിയമം, മതപണ്ഡിതന്മാര്‍ക്കും ഉന്നതര്‍ക്കും കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതോടൊപ്പം ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും കടുത്ത ശിക്ഷകള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ജനുവരി 4-ന് താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഈ പുതിയ നിയമസംഹിതയില്‍ ഒപ്പുവെച്ചത്.


പുതിയ നിയമപ്രകാരം അഫ്ഗാന്‍ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു. ഒരേ കുറ്റത്തിന് ഓരോ വിഭാഗത്തിനും ലഭിക്കുന്ന ശിക്ഷകള്‍ താഴെ പറയുന്നവയാണ്:

മതപണ്ഡിതര്‍ (ഉലമ/മുല്ല): ഇവര്‍ കുറ്റം ചെയ്താല്‍ വെറും 'ഉപദേശത്തില്‍' ശിക്ഷ ഒതുങ്ങും. ഇവര്‍ക്ക് നിയമത്തിന് മുന്നില്‍ പൂര്‍ണ്ണ പരിരക്ഷ ലഭിക്കും. ഉന്നതര്‍ക്ക് കോടതിയില്‍ നിന്ന് സമന്‍സും തുടര്‍ന്ന് ഉപദേശവും ലഭിക്കും.

മധ്യവര്‍ഗ്ഗം കുറ്റം ചെയ്താല്‍ ജയില്‍ ശിക്ഷ അനുഭവിക്കണം.

പാവപ്പെട്ടവരും സാധാരണക്കാരുമായ വിഭാഗത്തിന് ജയില്‍ ശിക്ഷയ്ക്ക് പുറമെ ചാട്ടവാറടി ഉള്‍പ്പെടെയുള്ള ശാരീരിക പീഡനങ്ങളും ലഭിക്കും.

അടിമത്തം തിരികെ വരുന്നു

അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ള 'അടിമത്തം' താലിബാന്‍ നിയമപരമായി പുനഃസ്ഥാപിച്ചു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. നിയമപുസ്തകത്തിലെ പല ഭാഗങ്ങളിലും 'സ്വതന്ത്രര്‍' എന്നും 'അടിമകള്‍' എന്നും ജനങ്ങളെ വേര്‍തിരിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് ആധുനിക ലോകത്തിന് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് മനുഷ്യാവകാശ സംഘടനയായ 'റവാദാരി' ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്ക് അഭിഭാഷകനെ വയ്ക്കാനോ നിശബ്ദത പാലിക്കാനോ അവകാശമില്ല. കുറ്റസമ്മത മൊഴികളാണ് ശിക്ഷയ്ക്ക് ആധാരമായി സ്വീകരിക്കുക. ഇത് ക്രൂരമായ പീഡനങ്ങളിലൂടെ മൊഴി വാങ്ങാന്‍ ഇടയാക്കും.


നൃത്തം ചെയ്യുക, 'അനാശാസ്യമെന്ന്' തോന്നുന്ന കൂട്ടായ്മകളില്‍ പങ്കെടുക്കുക തുടങ്ങിയവയ്ക്ക് കഠിനശിക്ഷ ലഭിക്കും. ഇവ നിര്‍വചിക്കാനുള്ള പൂര്‍ണ്ണ അധികാരം ജഡ്ജിമാര്‍ക്കാണ്.


നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന തത്വം താലിബാന്‍ പാടേ ഇല്ലാതാക്കി. നീതി എന്നത് അധികാരവും പദവിയും നോക്കി മാത്രം തീരുമാനിക്കപ്പെടുന്ന ഒന്നായി മാറി.

ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഈ കരിനിയമത്തിനെതിരെ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ കൂടുതല്‍ ഇരുളടഞ്ഞ കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പാണ് ഈ നിയമം നല്‍കുന്നത്.

Advertisment