/sathyam/media/media_files/2025/06/05/nDKIo9YqWHBaf4f86sGh.jpg)
ന്യൂയോര്‍ക്ക്: ഗർഭിണികൾ പാരസെറ്റമോൾ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലതെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം വിവാദമാകുന്നു.
രാജ്യത്തെ വർധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ വേദന സംഹാരിയായ ടൈലനോൾ അതായത് പാരസെറ്റമോൾ ഒഴിവാക്കുന്നതാകും നല്ലതെന്നായിരുന്നു ട്രംപിന്റെ വാദം.
യുഎസ് ഹെൽത്ത് ആൻ്റ് ഹ്യൂമൻ സർവീസസ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറിൻ്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പഠനം ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ വാദം.
അതേസമയം ട്രംപിന്റെ പ്രസ്താവന തള്ളി ലോകാരോഗ്യ സംഘടനയുള്‍പ്പെടയുള്ളവര്‍ രംഗത്ത് എത്തി.
ഗർഭിണിയായ സ്ത്രീകൾ പാരസെറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല.
ഈ വിഷയത്തിൽ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവിൽ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി.
വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുന്നില്ലെന്ന് നമുക്കറിയാം. അവ എണ്ണമറ്റ ജീവനുകൾ രക്ഷിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്.
ഇത്തരം കാര്യങ്ങൾ യഥാർഥത്തിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രംപിന്റെ വാദങ്ങൾ ഗർഭിണികൾ അവഗണിക്കണമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിനേക്കാൾ എനിക്ക് ഡോക്ടർമാരിലാണ് വിശ്വാസമെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾക്ക് ഗർഭിണികളായ അമ്മമാർ ഒരു കാരണവശാലും ഒരു തരത്തിലും ശ്രദ്ധ കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.