/sathyam/media/media_files/2025/10/06/photos528-2025-10-06-21-08-55.jpg)
ന്യൂയോർക്: 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ (യുഎസ്), ഫ്രെഡ് റാംസ്‌ഡെൽ (യുഎസ്), ഷിമോൺ സകാഗുച്ചി (ജപ്പാൻ) എന്നിവരാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവെച്ചിരിക്കുന്നത്.
ശരീരത്തെ ആക്രമിക്കാൻ സാധ്യതയുള്ള രോ​ഗപ്രതിരോധ സംവിധാനത്തിന്റെ ഭാ​ഗങ്ങളെ ഇല്ലാതാക്കുന്ന സുരക്ഷാ​ഗാർഡുകളെ കണ്ടെത്തിയതാണ് അവാർഡിന് കാരണമായത്.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച പുരസ്കാരം ഡിസംബറിൽ വിതരണം ചെയ്യും. മേരി ഇ.ബ്രാങ്കോയും, ഫ്രെഡ് റാംസെലും അമേരിക്കൻ സ്വദേശികളും ഷിമോൺ സകാ​ഗുചി ജപ്പാൻ സ്വദേശിയുമാണ്.
സങ്കൽപ്പിക്കാവുന്ന എല്ലാ സൂക്ഷ്മാണുക്കളെയും ചെറുക്കാനും സ്വയം രോ​ഗപ്രതിരോധ രോ​ഗങ്ങൾ ഒഴിവാക്കാനും നമ്മുടെ രോ​ഗപ്രതിരോധ സംവിധാനത്തെ എങ്ങനെ നിയന്ത്രണത്തിലാക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ് ​ഗവേഷണമെന്ന് കരോലിന ഇൻസ്റ്റിറ്റ്യൂട്ടിൽ വാതരോ​ഗ പ്രഫസറായ മേരി വാഹ്രെൻ ഹെർലേനിയസ് പറഞ്ഞു.
കാൻസർ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഗവേഷണത്തിന്റെ പുതിയ വഴികളാണ് പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് ഗവേഷണം വഴി ലോകത്തിന് ലഭ്യമായിട്ടുള്ളത്.
മേരി ഇ. ബ്രങ്കോ യുഎസ്എയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി, നിലവിൽ സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിൽ സീനിയർ പ്രോഗ്രാം മാനേജരായി സേവനമനുഷ്ഠിക്കുന്ന വ്യക്തിത്വമാണ്.
ഫ്രെഡ് റാംസ്‌ഡെൽ 1987-ൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി, നിലവിൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സോനോമ ബയോതെറാപ്പിറ്റിക്സിൽ ഒരു ശാസ്ത്ര ഉപദേഷ്ടാവാണ്.
ഷിമോൺ സകാഗുച്ചി ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. നിലവിൽ ഒസാക്ക സർവകലാശാലയിലെ ഇമ്മ്യൂണോളജി ഫ്രോണ്ടിയർ റിസർച്ച് സെന്ററിലെ വിശിഷ്ട പ്രൊഫസറാണ് അദ്ദേഹം.