ന്യുയോർക്ക് : മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾക്ക് ഊന്നൽ നൽകിയ യു.എസ്. പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. ജോർജിയയിൽ നിലക്കടല കച്ചവടക്കാരനായ പിതാവിന്റെയും നഴ്‌സായ മാതാവിന്റെയും മകനായാണു കാർട്ടറുടെ ജനനം.
സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നു വളർന്നുവന്നതു കൊണ്ടാകണം, മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾക്കു എളുപ്പത്തിൽ മനസിലാക്കാനും പരിഹാരം കാണാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.
ഹൈസ്‌കൂൾ കാലത്തു ബാസ്‌കറ്റ് ബോളിൽ വലിയ താൽപര്യമുണ്ടായിരുന്ന അദ്ദേഹം, എട്ടു വർഷത്തോളം അമേരിക്കൻ നേവിയിൽ ജോലി ചെയ്തിട്ടുണ്ട്.
![jimmy carter1](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/2025/01/08/I5EgTTYy9v6lQC7Ey8ao.jpg)
ജോൺ എഫ്. കെന്നഡി, ലിന്റൺ ബി. ജോൺസൺ തുടങ്ങിയവരുടെ പിൻഗാമിയായാണു കാർട്ടർ ഡെമോക്രാറ്റ് പാർട്ടി നേതൃത്വത്തിലെത്തുന്നത്.
അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായി വിജയിക്കുകയും ചെയ്തു. പുതിയ പ്രസിഡന്റ് എന്ന നിലയിൽ കാർട്ടർ കൈവരിച്ച ഏറ്റവും വലിയ നേട്ടമായിരുന്നു അദ്ദേഹത്തിന്റെ കാർമികത്വത്തിൽ ഈജിപ്തും ഇസ്രയേലും തമ്മിലുണ്ടായ സമാധാന ഉടമ്പടി.
ബദ്ധശത്രുക്കളായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അത്തരമൊരു ഉടമ്പടിയെപ്പറ്റി അതുവരെ ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തും ഇസ്രയേൽ പ്രധാനമന്ത്രി മെനാഹം ബെഗിനും അതിന്റെ പേരിൽ 1979ലെ നൊബേൽ സമാധാന സമ്മാനത്തിന് അർഹരായി.
![jimmy carter2](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/2025/01/08/geJWrrgKTYbIf1JkA9fm.jpg)
ഉടമ്പടി സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജിമ്മി കാർട്ടർക്കും സമ്മാനത്തിൽ പങ്ക് ലഭിക്കുമെന്നു പലരും പ്രതീക്ഷിച്ചുവെങ്കിലും അവർ നിരാശരാവുകയാണു ചെയ്തത്.
ഒടുവിൽ നൊബേൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത് 23 വർഷങ്ങൾക്കു ശേഷം 2002ലായിരുന്നു.
അതാണെങ്കിൽ ഏതെങ്കിലുമൊരു പ്രത്യക വിഷയത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ അഭൂതപൂർവമായിരുന്നു.
അവയ്‌ക്കെല്ലാം കൂടിയുള്ള അംഗീകാരമായിരുന്നു 2002ലെ നൊബേൽ സമ്മാനം. വിരമിച്ച ശേഷവമാണ് രാജ്യാന്തര തലത്തിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങളിലൂടെ ഏറ്റവും ജനസമ്മതനായ മുൻ അമേരിക്കൻ പ്രസിഡന്റ് എന്ന വിശേഷണം കാർട്ടർ നേടിയെടുക്കുന്നത്.
അൻപതിലേറെ രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയും രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ആഫ്രിക്കയിലെയോ ലാറ്റിൻ അമേരിക്കയിലെയോ പല രാജ്യങ്ങളിലും ഒരു യു.എസ് പ്രസിഡന്റ് അല്ലെങ്കിൽ മുൻ യു.എസ് പ്രസിഡന്റ് സന്ദർശനം നടത്തുന്നത് ആദ്യമായിരുന്നു.
![jimmy carter3](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/2025/01/08/dbpm0lgr4jSBYOLelaRW.jpg)
ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, ദാരിദ്ര്യ നിർമാർജനം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ ലക്ഷ്യങ്ങളുമായി കാർട്ടർ സെന്റർ എന്നൊരു സംഘടനയക്ക് അദ്ദേഹം രൂപംനൽകുകയും അതിന്റെ പ്രവർത്തനങ്ങളിലൂടെ പല രാജ്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.
വൈറ്റ് ഹൗസിൽ നിന്നു പടിയിറങ്ങിയ അദ്ദേഹം ലളിതമായ ജീവിതമാണു നയിച്ചിരുന്നത്. കൂറ്റൻ മണിമാളികകൾ ഇല്ലാത്ത പ്രസിഡന്റായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സ്ഥാനത്തു നിന്നു പടിയിറങ്ങിയ ശേഷം തന്റെ ചെറുഗ്രാമത്തിലേക്കാണ് അദ്ദേഹം മടങ്ങിവന്നത്. അവിടെ ഭാര്യ റോസലിൻ കാർട്ടറിനൊപ്പം ഒരു സാാധരണക്കാരനെപ്പോലെ പോലെ ജീവിക്കുകയും ചെയ്തു.
കാൻസറിനെ അതിജീവിച്ച അദ്ദേഹം സമീപ വർഷങ്ങളിൽ കരളിലേക്കും തലച്ചോറിലേക്കും പടർന്ന മെലനോമ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നു.
അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രസിഡന്റ് കൂടിയാണ്.
ജിമ്മി കാർട്ടറുടെ സംസ്‌കാരം ജനുവരി 9 നു വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കും. കഴിഞ്ഞ വർഷം 96-ാം വയസിൽ അന്തരിച്ച ഭാര്യ റോസലിൻ കാർട്ടറിന്റെ അടുത്താണു കാർട്ടറെ ജോർജിയയിൽ സംസ്‌കരിക്കുക.
![jimmy carter4](https://img-cdn.thepublive.com/filters:format(webp)/sathyam/media/media_files/2025/01/08/8YLfNMvEFXiGTb5vY2hm.jpg)
77 വർഷം നീണ്ടു നിന്ന ദാമ്പത്യമായിരുന്നു ഇരുവരുടെയും. കാർട്ടറോടുള്ള ബഹുമാന സൂചകമായി ജനുവരി 9 ന് എല്ലാ ഫെഡറൽ ഏജൻസികളും അടച്ചിടും.