/sathyam/media/media_files/2025/01/27/QAQYwGpUqLUPqCkgG3sX.jpg)
ന്യൂയോർക്ക്: ലോകത്ത് അടുത്ത നാലു വർഷത്തിനുള്ളിൽ കോവിഡ് പോലെ മറ്റൊരു പകർച്ചവ്യാധി ഉണ്ടാകുമെന്ന പ്രവചനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്.
കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാൻ 10-15 ശതമാനം സാധ്യതയുണ്ടെന്നാണ് ബിൽ ഗേറ്റ്‌സിന്റെ പ്രവചനം. ലോകം ഇതിനെ നേരിടാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'മറ്റൊരു മഹാമാരിയെ നേരിടാൻ നമ്മൾ തയ്യാറെടുപ്പ് നടത്തിയിട്ടില്ല'- ആഗോള തയ്യാറെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ഗേറ്റ്‌സ് സംശയമില്ലാതെ പറഞ്ഞു.
ലോകമെമ്പാടുമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളിൽ നിന്നും കോവിഡ് മഹാമാരിയിൽ നിന്ന് പഠിച്ച പാഠങ്ങളിൽ നിന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി സ്ഥിരം ശബ്ദമാണ് ബിൽ ഗേറ്റ്‌സ്. 2015ൽ ലോകം ഒരു മാരകമായ മഹാമാരിയെ നേരിടാൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം മുൻകൂട്ടി മുന്നറിയിപ്പ് നൽകി. ഒരു ടെഡ് ടോക്കിലായിരുന്നു ബിൽ ഗേറ്റ്‌സിന്റെ പ്രവചനം.
കോവിഡ് മഹാമാരി സമയത്ത് ബിൽ ഗേറ്റ്‌സിന്റെ പ്രവചനം ശരിയായിരുന്നു എന്നാണ് അനുഭവങ്ങൾ തെളിയിച്ചത്. തുടർന്ന്, ആഗോള ആരോഗ്യ പരിപാലനത്തിനായുള്ള സമഗ്രമായ ശുപാർശകൾ വാഗ്ദാനം ചെയത് 2022 ൽ അദ്ദേഹം 'അടുത്ത മഹാമാരി എങ്ങനെ തടയാം' എന്ന പേരിൽ കൃതി രചിച്ചു.