ന്യൂയോര്‍ക്ക്: മസ്കത്ത് ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക അയവ്. മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ ചർച്ച വിജയമെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമാണ് വെവ്വേറെ മുറികളിലിരുന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഒമാൻ വിദേശമന്ത്രി ബദർ അൽ ബുസൈദി മധ്യസ്ഥനായി.
രണ്ടാംവട്ട ചർച്ച ഈ മാസം 19ന് നടക്കുമെന്ന് യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചു. ആണവ വിഷയത്തിലുള്ള യുഎസ് ഉത്കണ്ഠ ഇറാനെ ബോധ്യപ്പെടുത്തി രമ്യമായ പരിഹാര നടപടി ആവശ്യപ്പെട്ടതായി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു.
സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് ആണവ പദ്ധതിയെന്നും അതിന്‍റെ പേരിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടതായി അബ്ബാസ് അരഘ്ചി പ്രതികരിച്ചു.