സിയോള്‍: യുഎസ് ഭൂഖണ്ഡത്തെ ആക്രമിക്കാന്‍ രൂപകല്‍പ്പന ചെയ്ത പുതിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ സൈന്യം റഷ്യന്‍ സേനയെയും തങ്ങളുടെ യുദ്ധത്തില്‍ പങ്കാളികളാക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മിസൈല്‍ വിക്ഷേപണം.
ഉത്തരകൊറിയ പരീക്ഷിച്ച പ്രത്യേക ദീര്‍ഘദൂര മിസൈലിന്റെ കഴിവുകള്‍ എന്തൊക്കെയെന്ന് വ്യക്തമല്ല. എന്നാല്‍ യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു വിക്ഷേപണമെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ 7.10 ഓടെ ഉത്തരകൊറിയയുടെ തലസ്ഥാന മേഖലയില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ഇതൊരു ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലാണെന്ന് സംശയിക്കുന്നതായും കൊറിയന്‍ പെനിന്‍സുലയ്ക്കും ജപ്പാനും ഇടയിലുള്ള കടലിലേക്കാണ് വിക്ഷേപണം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വിക്ഷേപണത്തില്‍ ഒരു പുതിയ മിസൈലാണ് ഉള്‍പ്പെട്ടതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി ജാപ്പനീസ് പ്രതിരോധ മന്ത്രി ജനറല്‍ നകതാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിന്റെ പറക്കല്‍ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ 26 മിനിറ്റാണ്, ഇത് ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണത്തിനുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജാപ്പനീസ് എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള വെള്ളത്തിലാണ് മിസൈല്‍ പതിച്ചത്. ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയായ ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ വിക്ഷേപണത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.