എണ്ണസമ്പത്ത് ഒഴുകിപ്പോകാതെ നോർവേ; 2 ലക്ഷം കോടി ഡോളറിന്റെ 'അക്ഷയപാത്രം' ഭാവി തലമുറയ്ക്കായി ഒരുങ്ങിയ കഥ

ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളിലും ഭൂമിയിലുമായി വലിയൊരു തുക നിക്ഷേപിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ പദ്ധതികളിലും ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഓസ്ലോ: മഞ്ഞുമൂടിയ പര്‍വതങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്സും മാത്രമല്ല, ലോകത്തെ വിറപ്പിക്കുന്ന സാമ്പത്തിക കരുത്തുമാണ് ഇന്ന് നോര്‍വേ. 1969-ല്‍ വടക്കന്‍ കടലില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയപ്പോള്‍ മിക്ക രാജ്യങ്ങളെയും പോലെ അത് ധൂര്‍ത്തടിച്ച് തീര്‍ക്കാനല്ല നോര്‍വേ ശ്രമിച്ചത്. മറിച്ച്, വരാനിരിക്കുന്ന തലമുറകള്‍ക്കായി ആ സമ്പത്ത് കരുതിവെക്കാനാണ് അവര്‍ തീരുമാനിച്ചത്. 

Advertisment

ഇന്ന് 2 ലക്ഷം കോടി ഡോളറിലധികം (ഏകദേശം 170 ലക്ഷം കോടി രൂപ) മൂല്യമുള്ള 'ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍' എന്ന ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപനിധിയായി അത് വളര്‍ന്നു കഴിഞ്ഞു.


എണ്ണയില്‍ നിന്നുള്ള വരുമാനം കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യം നേരിട്ട പ്രധാന ചോദ്യം ഇതായിരുന്നു. ഈ പണം എങ്ങനെ ചിലവഴിക്കണം? അമിതമായി പണം വിപണിയിലിറക്കിയാല്‍ വിലക്കയറ്റമുണ്ടാകുമെന്നും എണ്ണ തീരുന്നതോടെ രാജ്യം ദാരിദ്ര്യത്തിലാകുമെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇതിനായി 1990-ല്‍ ഒരു നിയമനിര്‍മ്മാണത്തിലൂടെ എണ്ണപ്പണം നിക്ഷേപിക്കാനുള്ള ഫണ്ട് രൂപീകരിച്ചു. 1996-ലാണ് ആദ്യമായി പണം ഈ ഫണ്ടിലേക്ക് മാറ്റിയത്.

സ്വന്തം രാജ്യത്ത് ഈ പണം നിക്ഷേപിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കാനാണ് നോര്‍വേ തീരുമാനിച്ചത്. ഇത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സുരക്ഷിതമാക്കി. ഇന്ന് ലോകത്തിലെ 68 രാജ്യങ്ങളിലായി പതിനായിരത്തിലധികം കമ്പനികളില്‍ നോര്‍വേയ്ക്ക് നിക്ഷേപമുണ്ട്.


ലോകത്തിലെ ആകെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളില്‍ 1.5 ശതമാനവും ഈ ഫണ്ടിന്റെ കൈവശമാണ്. ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍ കമ്പനികളിലെല്ലാം നോര്‍വേയ്ക്ക് പങ്കാളിത്തമുണ്ട്.


ഫണ്ടിന്റെ 71 ശതമാനവും ഓഹരികളിലാണ്. ഇതിന്റെ മൂല്യം 15.1 ട്രില്യണ്‍ നോര്‍വീജിയന്‍ ക്രോണര്‍ വരും. 26.5 ശതമാനം വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റ് ബോണ്ടുകളിലും മറ്റും നിക്ഷേപിച്ചിരിക്കുന്നു.

ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളിലും ഭൂമിയിലുമായി വലിയൊരു തുക നിക്ഷേപിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജ പദ്ധതികളിലും ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ നിധിയില്‍ നിന്ന് എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ അവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് അധികാരമില്ല.

ഫണ്ടിന്റെ ആകെ മൂല്യത്തിന്റെ ഏകദേശം 3 ശതമാനം (പ്രതീക്ഷിക്കുന്ന ലാഭം) മാത്രമേ ഓരോ വര്‍ഷവും ബജറ്റില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് അവര്‍ കര്‍ശനമായി തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ നിക്ഷേപിച്ച തുക കുറയാതെ നിലനില്‍ക്കുന്നു, അതിന്റെ ലാഭം മാത്രം ജനക്ഷേമത്തിനായി ഉപയോഗിക്കുന്നു.

Advertisment