ഇറാൻ സംഘർഷം: ഇന്ത്യയിൽ ഇന്ധനക്ഷാമത്തിന് സാധ്യതയില്ല; ബദൽ മാർഗ്ഗമായി റഷ്യൻ എണ്ണയും സ്ട്രാറ്റജിക് റിസർവും

അടിയന്തര സാഹചര്യം നേരിടാന്‍ ഇന്ത്യയുടെ ഭൂഗര്‍ഭ എണ്ണശേഖരത്തില്‍ ഒരാഴ്ചത്തേക്കുള്ള അധിക ഇന്ധനം സൂക്ഷിച്ചിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ യുദ്ധം കടുക്കുകയും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുകയും ചെയ്‌തെങ്കിലും ഇന്ത്യയില്‍ ഉടന്‍ ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

നിലവില്‍ രാജ്യത്തെ റിഫൈനറികളില്‍ 10 മുതല്‍ 15 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരമുണ്ട്. കൂടാതെ 7 മുതല്‍ 10 ദിവസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ ശേഖരവും ഇന്ത്യയുടെ പക്കലുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ദീര്‍ഘകാലത്തേക്ക് തടസ്സപ്പെട്ടാല്‍ മാത്രം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.


ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 50 ശതമാനവും (ഇറാഖ്, സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്ന്) എത്തുന്നത് ഈ വഴിയിലൂടെയാണ്. കൂടാതെ 60 ശതമാനം എല്‍എന്‍ജി, ഭൂരിഭാഗം എല്‍പിജി എന്നിവയും ഈ പാതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളെയാണ് ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നതെങ്കിലും, പ്രതിസന്ധി നീണ്ടുപോയാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങും. ഗള്‍ഫില്‍ നിന്ന് എണ്ണ എത്താന്‍ 5 ദിവസമെടുക്കുമ്പോള്‍ റഷ്യയില്‍ നിന്ന് ഒരു മാസമെടുക്കും എന്നതാണ് ഏക വെല്ലുവിളി.


വിതരണത്തില്‍ തടസ്സമുണ്ടാകില്ലെങ്കിലും രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. നിലവില്‍ ബാരലിന് 73 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇത് 80 ഡോളറിലേക്ക് ഉയര്‍ന്നേക്കാം.


അടിയന്തര സാഹചര്യം നേരിടാന്‍ ഇന്ത്യയുടെ ഭൂഗര്‍ഭ എണ്ണശേഖരത്തില്‍ ഒരാഴ്ചത്തേക്കുള്ള അധിക ഇന്ധനം സൂക്ഷിച്ചിട്ടുണ്ട്.

ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും പാചകവാതകം, പ്രകൃതിവാതകം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇവ പ്രധാനമായും എത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് ദീര്‍ഘകാലം അടച്ചിട്ടാല്‍ ഗ്യാസ് വില വര്‍ദ്ധിക്കാനും വിതരണം പതുക്കെയാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisment