/sathyam/media/media_files/2026/03/02/untitled-2026-03-02-09-05-43.jpg)
ന്യൂയോര്‍ക്ക്: ഇറാനുനേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ നീക്കങ്ങളും തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ഇറാന്റെ ആക്രമണങ്ങളും ആഗോള ഇന്ധന വിപണിയെ വന്‍ പ്രതിസന്ധിയിലാക്കി. യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില തിങ്കളാഴ്ച കുത്തനെ ഉയര്‍ന്നു.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള രണ്ട് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് ഊര്‍ജ്ജ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കന്‍ ക്രൂഡ് ഓയില്‍ വില വെള്ളിയാഴ്ചത്തെ 67 ഡോളറില്‍ നിന്ന് 7.3% വര്‍ധിച്ച് ബാരലിന് 72 ഡോളറിലെത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്രെന്റ് ക്രൂഡ് വില 7.8% വര്‍ധിച്ച് ബാരലിന് 78.55 ഡോളറായി. ഇത് കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും (പ്രതിദിനം ഏകദേശം 1.5 കോടി ബാരല്‍) കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന പാതയാണിത്. നിലവിലെ ആക്രമണങ്ങള്‍ ഈ പാതയിലെ സുരക്ഷയെ ബാധിച്ചതാണ് വില ഉയരാന്‍ പ്രധാന കാരണം.
വിപണിയിലെ ക്ഷാമം പരിഹരിക്കാനായി സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ തുടങ്ങിയ എട്ട് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒപെക് പ്ലസ് സഖ്യം എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ മാസം മുതല്‍ പ്രതിദിനം 2,06,000 ബാരല്‍ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. എങ്കിലും കയറ്റുമതി പാതകള്‍ സുരക്ഷിതമല്ലെങ്കില്‍ ഈ ഉല്‍പ്പാദന വര്‍ധനവ് കൊണ്ട് ഉടനടി ഫലം ലഭിക്കില്ലെന്ന് റൈസ്റ്റാഡ് എനര്‍ജിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us