റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകി അമേരിക്ക

റഷ്യക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയല്ല, മറിച്ച് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി മൂലം ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യക്ക് സഹായവുമായി അമേരിക്ക. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ചു.

Advertisment

നിലവില്‍ കടലില്‍ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി.


2026 മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 4 വരെയാണ് ഈ പ്രത്യേക അനുമതി നിലവിലുണ്ടാവുക. മാര്‍ച്ച് 5-നോ അതിന് മുന്‍പോ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ എണ്ണ മാത്രമേ ഇത്തരത്തില്‍ ഇന്ത്യക്ക് സ്വീകരിക്കാന്‍ കഴിയൂ. പുതിയ ഓര്‍ഡറുകള്‍ക്ക് ഈ ഇളവ് ബാധകമല്ല.

റഷ്യക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയല്ല, മറിച്ച് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി മൂലം ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.


നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. എന്നാല്‍, റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പകരം അമേരിക്കന്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങുമെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഈ നികുതി പിന്‍വലിച്ചിരുന്നു.


ഇന്ത്യ തങ്ങളുടെ അവിഭാജ്യ പങ്കാളിയാണെന്നും വരും ദിവസങ്ങളില്‍ ഇന്ത്യ അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രഷറി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ഉപരോധങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും യുഎസ് അറിയിച്ചു.

Advertisment