ടിൻസുകിയ: വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ അവയവങ്ങൾ കടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം.
തലാപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈഖോവ ഫോറസ്റ്റ് ഡിവിഷനിലെ ദംഗോരിയിലെ ലാൽ ബംഗ്ല പ്രദേശത്ത് വനംവകുപ്പ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
പരിശോധനയ്ക്കിടെ അരുണാചൽ പ്രദേശിൽ നിന്ന് അസമിലെ ടിൻസുകിയ ജില്ലയിലേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങൾ വനപാലകർ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
വാഹന പരിശോധനയില്‍ വന്യജീവികളുടെ അവയവങ്ങൾ കണ്ടെടുത്തു. തുടര്‍ന്നാണ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ചാങ്‌ലാങ്, വെസ്റ്റ് സിയാങ്, കകോപത്തർ സ്വദേശികളാണ് പിടിലായത്.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട ഈനാംപേച്ചി, നീര്‍നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ അവയവങ്ങൾ വനം വകുപ്പ് സംഘം കണ്ടെടുത്തു. പ്രദേശത്ത് വന്യമൃഗ വേട്ട നടക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഏതാനും മാസങ്ങൾക്ക് മുമ്പ്, അനധികൃതമായി വാഹനത്തിൽ കടത്തുകയായിരുന്ന 50 ഇന്തോനേഷ്യൻ പക്ഷികളെയും മൃഗങ്ങളെയും അസം പൊലീസും സംസ്ഥാന വനം വകുപ്പും ചേർന്ന് മിസോറാമിന്‍റെ അതിർത്തിയിലുള്ള ബിലായ്പൂർ ചെക്ക് ഗേറ്റിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തില്‍ രണ്ട് പേരാണ് അന്ന് അറസ്‌റ്റിലായത്.