ഇസ്ലാമാബാദ്: 2025 അവസാനത്തോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) വില്‍ക്കാനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കി. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഐ.എയുടെ സ്വകാര്യവല്‍ക്കരണ ശ്രമം കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടിരുന്നു.
എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് പ്രകാരം, സ്വകാര്യവല്‍ക്കരണ കമ്മീഷന്‍ ബോര്‍ഡ് നാല് പ്രാദേശിക കമ്പനികളെ ലേലത്തിന് യോഗ്യരാക്കി. ഈ കമ്പനികളില്‍ മൂന്നും സിമന്റ് വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
കഴിഞ്ഞ ശ്രമത്തില്‍ സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞ വില 85.03 ബില്യണ്‍ രൂപയായിരുന്നു നിശ്ചയിച്ചത്, എന്നാല്‍ ലഭിച്ച പ്രൊപ്പോസലുകള്‍ ആകെ 10 ബില്യണ്‍ രൂപ മാത്രമാണ്.
പി.ഐ.എയുടെ നെഗറ്റീവ് ബാലന്‍സ് ഷീറ്റ് 45 ബില്യണ്‍ രൂപയായിരുന്നു. 2023 നവംബറില്‍ 7,000 ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതോടെ പി.ഐ.എയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വ്യക്തമാവുകയായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം യൂറോപ്യന്‍ യൂണിയന്‍ 2020-ല്‍ പി.ഐ.എയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
പ്രതിരോധം, വ്യാപാരം, ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പാകിസ്ഥാനും തുര്‍ക്കിയും ധാരണയായി.
പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, പ്രതിരോധ മന്ത്രി യാസര്‍ ഗുലര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ധാരണയിലേക്ക് എത്തിയത്.
തുര്‍ക്കിയുടെ പ്രതിരോധ മേഖലയില്‍ ഉള്ള വൈദഗ്ധ്യവും അനുഭവവും പാകിസ്ഥാന്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കും.
തുര്‍ക്കി വിദേശകാര്യ മന്ത്രി ഈ സഹകരണത്തെ 'തന്ത്രപരമായ ചുവടുവയ്പ്പ്' എന്ന് വിശേഷിപ്പിച്ചു. ഭീകരതയെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.