അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ്റെ മിന്നലാക്രമണം; ഏഴ് ഭീകരകേന്ദ്രങ്ങൾ തകർത്തതായി ഇസ്‌ലാമാബാദ്; കൊല്ലപ്പെട്ടത് സാധാരണക്കാരെന്ന് താലിബാൻ

ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ അവകാശപ്പെട്ടു.

New Update
Untitled

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലെ ഏഴ് ഭീകരകേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം വ്യോമാക്രമണം നടത്തി. പാകിസ്ഥാനില്‍ സമീപകാലത്തുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ആരോപിച്ചാണ് ഞായറാഴ്ച ഇസ്ലാമാബാദ് ഈ നടപടി സ്വീകരിച്ചത്.

Advertisment

റമദാന്‍ ആരംഭിച്ചതിന് ശേഷം പാകിസ്ഥാനില്‍ മൂന്ന് പ്രമുഖ ചാവേര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാനി താലിബാന്‍ (ടിടിപി), ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്നിവയുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാന്‍ വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.


പാകിസ്ഥാന്റെ നടപടിക്കെതിരെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ശക്തമായി രംഗത്തെത്തി. നംഗര്‍ഹാര്‍, പക്തിക പ്രവിശ്യകളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ ബോംബാക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ അവകാശപ്പെട്ടു.


രണ്ടാഴ്ച മുമ്പ് ഇസ്ലാമാബാദിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ശനിയാഴ്ച വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലും സമാനമായ ആക്രമണം നടന്നു. പാകിസ്ഥാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് വിട്ടുകൊടുക്കില്ലെന്ന ദോഹ കരാര്‍ താലിബാന്‍ ലംഘിക്കുകയാണെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നു.


2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ 70-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല.

Advertisment