/sathyam/media/media_files/1DswKFJt1tGP38vckqJK.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഒന്നിലധികം ബൂത്തുകളിൽ റീപോളിംഗിന് ഉത്തരവ്. ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ-തെഹ്‌രീകെ-ഇ-ഇൻസാഫും (പിടിഐ) മറ്റ് പാർട്ടികളും പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിട്ടത്. ഫെബ്രുവരി 15 നാണ് റീപോളിംഗ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പത്തോളം സീറ്റുകളുടെ വോട്ടെണ്ണൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 8നാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്.
പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ് വിജയം അവകാശപ്പെടുകയും തൻ്റെ പാർട്ടി "ഏറ്റവും വലിയ ഒറ്റക്കക്ഷി" ആണെന്ന് പറയുകയും ചെയ്തു.
പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കനുസരിച്ച്, പിടിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ 100-ലധികം സീറ്റുകൾ നേടിയതായി പറയുന്നു. സാങ്കേതിക തകരാറുകൾ, ഇൻ്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തൽ, ഇടയ്ക്കിടെയുള്ള ഭീകരാക്രമണങ്ങൾ എന്നിവ കാരണം വോട്ടെണ്ണൽ തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) കണക്കുകൾ പ്രകാരം 139 മണ്ഡലങ്ങളുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ 265 സീറ്റിൽ 133 സീറ്റും ഒരു പാർട്ടി നേടിയിരിക്കണം.
നേരത്തെ വോട്ടെണ്ണൽ നടക്കുന്നതിനിടെ പാകിസ്ഥാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാനില്ലെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പ്രസ്തുത വാർത്തയെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടിരിന്നു.