ഫുട്ബോൾ മത്സരത്തിൽ പാക്കിസ്ഥാൻ ആർമി ജയിച്ചതിന് പിന്നാലെ കൂട്ടത്തല്ലും അടിപിടിയും, റഫറിക്കും മർദനം; വീഡിയോ വൈറൽ

New Update
football-clash

ഇസ്ലാമാബാദ്: കറാച്ചിയിലെ കെപിറ്റി സ്പോർട്സ് കോംപ്ലക്സിൽ നടന്ന നാഷണൽ ഗെയിംസ് ഫുട്ബോൾ സെമി ഫൈനൽ മത്സരത്തിന് ശേഷം വിജയാഘോഷത്തിന് പകരം അരങ്ങേറിയത് കൂട്ടത്തല്ലും അടിപിടിയും. 

Advertisment

പാക്കിസ്ഥാൻ ആർമി ടീമും ഡബ്ല്യുഎപിഡിഎ ടീമും തമ്മിലായിരുന്നു മത്സരം. മൈതാനത്തെ അടിപിടി നാണക്കേടായതോടെ പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനും ഒളിംപിക് അസോസിയേഷനും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

മത്സരത്തിൽ 4–3ന് ആണ് ആർമി ടീം വിജയിച്ചത്. പിന്നാലെ ടീമംഗങ്ങൾ ആഹ്ലാദപ്രകടനവും തുടങ്ങി. എന്നാൽ ഇത് കണ്ട് ഡബ്ല്യുഎപിഡിഎ ടീമിലെ ചിലർ പ്രകോപിതരായതോടെയാണ് സംഘർഷമുണ്ടായത്. ഇരു ടീമിലെയും കളിക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി.

താരങ്ങൾ പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്തപ്പോൾ ചില ഉദ്യോഗസ്ഥരും ഇടയിൽ കയറി. മത്സരം തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാൽ തന്നെ പിന്നാലെ നടന്ന അടിപിടിയും ആളുകൾ ‘ലൈവ്’ ആയി കണ്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ പാക്കിസ്ഥാൻ കായികമേഖലയ്ക്കാകെ നാണക്കേടായി മാറി.

ടീമം​ഗങ്ങൾ പരസ്പരം മാത്രമല്ല മാച്ച് റഫറിയെയും ആക്രമിച്ചു. ഡബ്ല്യുഎപിഡിഎ ടീമിലെ ചില കളിക്കാർ മാച്ച് റഫറിയെ ഡ്രസിങ് റൂമിലേക്ക് ഓടിച്ചുകയറ്റി മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കളിക്കിടെ ആർമി ടീമിന് റഫറി പെനൽറ്റി അനുവദിച്ചതിൽ നേരത്തെ തന്നെ ചെറിയ ഉരസൽ ഉണ്ടായിരുന്നു.

അതേസമയം സംഘർഷത്തിന് പ്രേരണ നൽകിയതിലും ആരംഭിച്ചതിലും ഉൾപ്പെട്ട കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സംഭവം ദേശീയ ഗെയിംസ്, ഒളിംപിക് അസോസിയേഷന്റെ കീഴിൽ വരുന്നതിനാൽ അവരും അന്വേഷിക്കുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

Advertisment