/sathyam/media/media_files/2025/10/15/pak-afgan-2025-10-15-20-07-50.jpg)
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ വർധിച്ചു വന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ആശ്വാസം.
ഇരു രാജ്യങ്ങളും 48 മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം സാധാരണക്കാർക്കു നേരേ ഉണ്ടായതിനു പിന്നാലെയാണ് ഇന്നു വൈകിട്ട് ആറ് മണിക്ക് ആണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ശത്രുത ലഘൂകരിക്കുന്നതിനും സംഘർഷഭരിതമായ അതിർത്തിയിൽ ചർച്ചകൾക്ക് വഴി തുറക്കുന്നതിനും വേണ്ടിയാണ് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം താൽക്കാലിക കരാർ പ്രഖ്യാപിച്ചത്.
സങ്കീർണ്ണമെങ്കിലും പരിഹരിക്കാൻ സാധിക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ ആത്മാർഥമായ ശ്രമങ്ങൾ നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു. നയതന്ത്ര ഇടപെടലുകൾക്ക് അവസരം നൽകാനും കൂടുതൽ ജീവഹാനി തടയാനുമാണ് ഈ വെടിനിർത്തൽ എന്നും മന്ത്രാലയം വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ്, അഫ്ഗാനിസ്ഥാനിലെ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിൽ ശക്തമായ പോരാട്ടമാണ് നടന്നത്.
പാക്കിസ്ഥാൻ സൈന്യം ബുധനാഴ്ച പുലർച്ചെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണം സ്പിൻ ബോൾഡാക്ക് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയും 15 ഓളം സാധാരണക്കാർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു.