കറാച്ചി: ചൊവ്വാഴ്ച പുലര്‍ച്ചെ പാകിസ്ഥാനിലെ മാലിര്‍ ജയിലില്‍ നടന്നത് വമ്പന്‍ ജയില്‍ചാട്ടം. കറാച്ചി ജയിലില്‍ നിന്നും ഇരുന്നൂറിലധികം തടവുകാര്‍ ഓടി രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ 20 പേരെ മാത്രമേ അധികൃതര്‍ക്ക് തിരികെ കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ.
ഞായറാഴ്ച മുതല്‍ പ്രദേശത്ത് അനുഭവപ്പെട്ട കുറഞ്ഞ തീവ്രതയുള്ള ഭൂചലനങ്ങള്‍ കാരണം ദുര്‍ബലമായിരുന്ന ജയിലിന്റെ പുറം മതില്‍ തകര്‍ത്താണ് തടവുകാര്‍ കടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനിലെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ജയില്‍ ചാട്ടങ്ങളിലൊന്നായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചി നഗരത്തില്‍ തിങ്കളാഴ്ച മൂന്ന് നേരിയ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായി. ഭൂകമ്പത്തില്‍ ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ 1.05 ന് കറാച്ചിയിലെ ഗഡാപ് പട്ടണത്തിന് സമീപം 3.2 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായതായി പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് (പിഎംഡി) സ്ഥിരീകരിച്ചു.
മാലിര്‍ ജയിലിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രചരിക്കുന്ന വീഡിയോകളില്‍ കനത്ത വെടിവയ്പ്പിന്റെ ശബ്ദങ്ങള്‍ പതിഞ്ഞിരുന്നു. റോഡരികിലൂടെ തടവുകാര്‍ ഓടിപ്പോകുന്നത് കൂടുതല്‍ ദൃശ്യങ്ങളില്‍ കാണാം. രക്ഷപ്പെട്ട തടവുകാരെ തിരിച്ചുപിടിക്കാനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു ഡസനിലധികം തടവുകാരെ വീണ്ടും അറസ്റ്റ് ചെയ്തതായി മാലിര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശം മുഴുവന്‍ അടച്ചിട്ടിരിക്കുകയാണെന്നും, ആരെങ്കിലും അകത്തുകടക്കുകയോ പോകുകയോ ചെയ്യുകയാണെങ്കില്‍ കര്‍ശനമായ തിരിച്ചറിയല്‍ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.