പാക്കിസ്ഥാനിൽ ജനവിധി തങ്ങള്‍ക്ക് അനുകൂലമെന്ന് അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിമാരായ ഇമ്രാന്‍ ഖാനും നവാസ് ഷരീഫും രംഗത്തെത്തി. ജയിലില്‍ നിന്നും എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരുന്നു ഇമ്രാന്‍ വിജയം അവകാശപ്പെട്ടത്. എന്നാല്‍ ഒരു പടികൂടി കടന്ന് നവാസ് ഷെരീഫിന്റെ പിഎംഎല്‍ (എന്‍) പാര്‍ട്ടി മറ്റ് പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യം 'സ്വാർത്ഥതാൽപ്പര്യങ്ങൾക്കപ്പുറം ഉയരണം' എന്നാണ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കവേ പാക് സൈനിക മേധാവിയുടെ സന്ദേശം. ലെഫ്‌നന്റ് ജനറൽ സയ്ദ് അസിം മുനീറിനെ ഉദ്ധരിച്ച് പാകിസ്താൻ മാധ്യമമായ 'ഡോൺ' ആണ് റിപ്പോർട്ട് നൽകിയത്.
''ദേശഭക്തിയെ മുൻനിർത്തി പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ - ജാനാധിപത്യ ശക്തികളുടെയും ഏകീകൃത സർക്കാർ ആയിരിക്കും രാജ്യത്തിന്റെ വൈവിധ്യമാർന്ന രാഷ്ട്രീയത്തെയും ബഹുസ്വരതയെയും ലോകത്തിനു മുൻപിൽ പ്രതിനിധീകരിക്കുക,' സയ്യിദ് അസിം മുനീർ പറഞ്ഞു. 'തിരഞ്ഞെടുപ്പും ജനാധിപത്യവും രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള മാർഗങ്ങളാണ്, എന്നാൽ ഈ ഘടകങ്ങൾ സേവനത്തിലേക്ക് മാത്രം ഒതുങ്ങുന്നില്ല. 25 കോടി ജനങ്ങളുള്ള ഒരു പുരോഗമന രാജ്യത്തിന് ചേരാത്ത അരാജകത്വത്തിൻ്റെയും ധ്രുവീകരണത്തിൻ്റെയും രാഷ്ട്രീയത്തിൽ നിന്ന് മുന്നോട്ട് പോകാൻ രാജ്യത്തിന് പ്രധാനമായും ആവശ്യം സുസ്ഥിരമായ കരങ്ങളും ആശ്വാസകരമായ സേവനങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.