പാകിസ്ഥാന്റെ അവസ്ഥ പരമകഷ്ടം; വെട്ടിക്കുറയ്ക്കുന്നത് ഒന്നും രണ്ടും ജോലികളല്ല, ഒന്നര ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ! ആറു മന്ത്രാലയങ്ങളും പിരിച്ചുവിടും; പിടിച്ചുനില്‍ക്കാന്‍ കടുത്ത നടപടികളുമായി പാക് സര്‍ക്കാര്‍

1.5 ലക്ഷം തസ്തികകൾ സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാനും, ആറു മന്ത്രാലയങ്ങള്‍ പിരിച്ചുവിടാനും തീരുമാനിച്ച് പാകിസ്ഥാന്‍

New Update
Shehbaz Sharif 1

ഇസ്ലാമാബാദ്: 1.5 ലക്ഷം തസ്തികകൾ സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാനും, ആറു മന്ത്രാലയങ്ങള്‍ പിരിച്ചുവിടാനും തീരുമാനിച്ച് പാകിസ്ഥാന്‍. ഭരണച്ചെലവുകൾ കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

Advertisment

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈയൊരു തീരുമാനത്തിലേക്ക് പാക് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുമായുള്ള ഏഴ് ബില്യണ്‍ ഡോളറിന്റെ വായ്പാ കരാറിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം.

സെപ്തംബർ 26 ന് ഐഎംഎഫ് സഹായ പാക്കേജിന് അംഗീകാരം നൽകിയിരുന്നു. ആദ്യ ഗഡുവായി 1 ബില്യണ്‍ ഡോളറും അനുവദിച്ചു. ചെലവുകൾ വെട്ടിക്കുറയ്ക്കുക, നികുതി-ജിഡിപി അനുപാതം വർധിപ്പിക്കുക. കൃഷി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ പാരമ്പര്യേതര മേഖലകളില്‍ നികുതി ഏര്‍പ്പെടുത്തുക, സബ്‌സിഡികൾ പരിമിതപ്പെടുത്തുക തുടങ്ങിയ ധാരണകള്‍ക്ക് വിധേയമായായിരുന്നു കരാര്‍.

ഐഎംഎഫുമായി ചേർന്ന് ഒരു പരിപാടിക്ക് അന്തിമരൂപം നൽകിയിട്ടുണ്ടെന്ന്‌ യുഎസിൽ നിന്ന് മടങ്ങിയെത്തിയ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു. ഇത്തരത്തിലുള്ള അവസാനത്തെ ഇടപാടാകും ഇതെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രാലയങ്ങൾക്കുള്ളിൽ ശരിയായ ക്രമീകരണം നടക്കുന്നുണ്ടെന്നും ആറ് മന്ത്രാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം നടപ്പാക്കുമെന്നും രണ്ട് മന്ത്രാലയങ്ങൾ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, വിവിധ മന്ത്രാലയങ്ങളിലെ 1.5 ലക്ഷം തസ്തികകൾ ഇല്ലാതാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഏകദേശം മൂന്ന് ലക്ഷം പുതിയ നികുതിദായകർ ഉണ്ടായിരുന്നു. ഈ വർഷം ഇതുവരെ 7.32 ലക്ഷം പുതിയ നികുതിദായകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തം നികുതിദായകരുടെ എണ്ണം 1.6 ദശലക്ഷത്തിൽ നിന്ന് 3.2 ദശലക്ഷമായി ഉയര്‍ന്നു. നികുതി അടക്കാത്തവർക്ക് ഇനി വസ്തുവോ വാഹനമോ വാങ്ങാനാകില്ലെന്നും ഔറംഗസേബ് പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സർക്കാർ നയങ്ങൾ കാരണം പണപ്പെരുപ്പം കുറഞ്ഞതിനാൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നു എന്നത്‌ പൊള്ളയായ അവകാശവാദമല്ല. പണപ്പെരുപ്പം ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു," അദ്ദേഹം പറഞ്ഞു.

 

 

Advertisment