/sathyam/media/media_files/2025/04/25/C7AXjzQNpfQQiSM04ND0.jpg)
ഇസ്‌ലാമാബാദ്∙: പാക്ക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ 10 പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീർ അവാമി ആക്‌ഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. ഇവർ മുന്നോട്ടുവച്ച 38 ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാൻ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
പ്രക്ഷോഭകരുമായി കരാറിൽ ഒപ്പിട്ടതായി പാർലമെന്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു. ‘‘ആക്‌ഷൻ കമ്മിറ്റിയുമായി അന്തിമ കരാറിൽ ഏർപ്പെട്ടു. പ്രക്ഷോഭകർ വീടുകളിലേക്ക് മടങ്ങുകയാണ്. റോഡുകളെല്ലാം തുറന്നു. സമാധാനത്തിന്റെ വിജയമാണിത്’’–താരിഖ് സമൂഹമാധ്യമത്തിൽ കുറിച്ചു.
മൗലികാവകാശ നിഷേധത്തിനെതിരെയാണ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ സെപ്റ്റംബർ 29ന് പ്രതിഷേധം ആരംഭിച്ചത്.
പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെ 38 ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. പ്രതിഷേധങ്ങൾ ആരംഭിച്ചതു മുതൽ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടച്ചിടപ്പെട്ടു. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ലൈൻ തുടങ്ങിയ സേവനങ്ങളും നിരോധിച്ചിരുന്നു.