പാരീസ്: ഔദ്യോഗികമായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മാക്രോണിന്റെ പ്രസ്താവന.
ഇസ്രായേലി ബോംബാക്രമണത്തില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാകും ഫ്രാന്‍സ് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക.
'ഇന്നത്തെ അടിയന്തര കാര്യം ഗാസയിലെ യുദ്ധം അവസാനിക്കുകയും സാധാരണ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുക എന്നതാണ്, 'സമാധാനം സാധ്യമാണ്. മാക്രോണ്‍ പറഞ്ഞു.
'മധ്യപൂര്‍വദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ചരിത്രപരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഫ്രാന്‍സ് പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു. ഫ്രഞ്ച് ജനതയുടെ ഇഷ്ടത്തിന് അനുസൃതമായ ഒരു ചുവടുവയ്പ്പ്' എന്നാണ് മാക്രോണ്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഉടനടി വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, മാനുഷിക സഹായങ്ങളുടെ വര്‍ദ്ധനവ്, ഒടുവില്‍, സൈനികവല്‍ക്കരിക്കപ്പെട്ട പലസ്തീനും ഇസ്രായേലിന് സുരക്ഷിതമായ അതിര്‍ത്തികളും ഉള്‍പ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരം എന്നിങ്ങനെ ബഹുമുഖ ദര്‍ശനം മാക്രോണ്‍ അവതരിപ്പിച്ചു.
സമാധാനം സാധ്യമാണെന്ന് തെളിയിക്കേണ്ടത് ഫ്രഞ്ചുകാരും, ഇസ്രായേലികളും, പലസ്തീനികളും, നമ്മുടെ യൂറോപ്യന്‍, അന്താരാഷ്ട്ര പങ്കാളികളും ചേര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.