/sathyam/media/media_files/kMo6iQJZUCueHuQm9PW7.jpg)
ഗാസ: ഗാസയിൽ യുദ്ധവിരാമത്തിനു ഖത്തർ ചില പുതിയ നിർദേശങ്ങൾ സമർപ്പിച്ചതായി പലസ്തീനിയൻ വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 16 മുതൽ നോർവെയിൽ ഖത്തർ, ഇസ്രയേലി ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടത്തി വരികയായിരുന്നു.
ഖത്തറും ഈജിപ്തും ചേർന്നു വെടിനിർത്തൽ വീണ്ടും സാധ്യമാക്കാനും ഗാസയിൽ മാനുഷിക സഹായം എത്തിക്കാനുമുളള ചർച്ചൾക്കു മുൻകൈയടുത്തുവെന്നു പലസ്തീനിയൻ വൃത്തങ്ങൾ പറഞ്ഞു. ഹമാസിന്റെ കൈയിലുള്ള ബന്ദികളെയും ഇസ്രയേലി ജയിലുകളിലെ പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യാൻ ചില നിർദേശങ്ങൾ അവർ മുന്നോട്ടു വച്ചു.
മൂന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥന്മാർക്കു പകരമായി നിരവധി പലസ്തീൻകാരെ വിട്ടയക്കുക എന്നതാണ് ഒരു നിർദേശം. ഇസ്രയേലി സേനയുടെ ആക്രമണത്തിൽ മൂന്നു ബന്ദികൾ കൊല്ലപ്പെട്ടത് ആ രാജ്യത്തു വലിയ വിവാദമായിട്ടുണ്ട്. ബലം കൊണ്ടു ബന്ദികളെ മോചിപ്പിക്കും എന്നു പറഞ്ഞിരുന്ന പ്രധാനമന്ത്രി നെതന്യാഹുവിനു അതൊരു വലിയ തിരിച്ചടിയായി. ബാക്കിയുള്ള 129 ബന്ദികളെ വിട്ടുകിട്ടാൻ സമ്മർദ്ദമേറി.
അതേ സമയം, ഗാസയിലെ ആക്രമണം അവസാനിക്കാതെ ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നു ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്.