"അവസാന ശ്വാസം വരെ പകരം ചോദിക്കും"; നൂറോളം പെൺകുട്ടികൾ കൊല്ലപ്പെട്ട സ്കൂൾ ആക്രമണത്തിൽ ഇറാന്റെ കടുത്ത മുന്നറിയിപ്പ്

'ഇറാനിലെ നിരപരാധികളും അടിച്ചമര്‍ത്തപ്പെട്ടവരുമായ കുഞ്ഞുങ്ങളുടെ രക്തത്തിന് ഞങ്ങളുടെ അവസാന ശ്വാസം വരെ ഞങ്ങള്‍ പ്രതികാരം ചെയ്യും,' ഖാലിബാഫ് പ്രഖ്യാപിച്ചു.

New Update
Untitled

ടെഹ്റാന്‍: ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ ക്രൂരമായ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്. നൂറിലധികം വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ഉറപ്പാക്കുമെന്നും കുരുന്നുകളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ചൊവ്വാഴ്ച എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് സ്പീക്കര്‍ തന്റെ നിലപാട് കടുപ്പിച്ചത്. 


'ഇറാനിലെ നിരപരാധികളും അടിച്ചമര്‍ത്തപ്പെട്ടവരുമായ കുഞ്ഞുങ്ങളുടെ രക്തത്തിന് ഞങ്ങളുടെ അവസാന ശ്വാസം വരെ ഞങ്ങള്‍ പ്രതികാരം ചെയ്യും,' ഖാലിബാഫ് പ്രഖ്യാപിച്ചു.


അഭിമാനികളായ ഇറാനിയന്‍ അമ്മമാര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വിപ്ലവ രക്തസാക്ഷികളുടെ പാത ജയിക്കുമെന്നും, അധിനിവേശക്കാര്‍ക്കും രാജ്യദ്രോഹികള്‍ക്കും മേല്‍ രാജ്യം വിജയം വരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം രാജ്യത്ത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. വിദ്യാലയങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം യുദ്ധക്കുറ്റമാണെന്ന വികാരം ഇറാനില്‍ ശക്തമാണ്.


ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം മേഖലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാക്കിയിരിക്കുകയാണ്. അധിനിവേശ ശക്തികള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ക്കും കനത്ത വില നല്‍കേണ്ടി വരുമെന്നാണ് പാര്‍ലമെന്റ് സ്പീക്കറുടെ പ്രസ്താവന നല്‍കുന്ന സൂചന. 

Advertisment