സിയോള്‍: ലോകത്തെ ഞെട്ടിച്ച് വീണ്ടും വിമാനദുരന്തം. ദക്ഷിണ കൊറിയയില്‍ വിമാനം റണ്‍വേയില്‍ അഗ്നിഗോളമായി മരിച്ചവരുടെ എണ്ണം 47 ആയി.
രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ലോകത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ വിമാന ദുരന്തമാണ് ഇത്.
181 പേരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനം ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ദുരന്തത്തില്‍ 47 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു
തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 737-800 ജെറ്റ് വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9:07 ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി വേലിയില്‍ ഇടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും ഇടിയുടെ ആഘാതത്തില്‍ വിമാനം പൊട്ടിത്തെറിച്ചതായി കാണാം
വിമാനത്തില്‍ 175 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ട് പേര്‍ തായ് പൗരന്മാരുമാണ്.