മാഡ്രിഡ്: സ്‌പെയിനിലെ പാല്‍മ ഡി മല്ലോര്‍ക്ക വിമാനത്താവളത്തില്‍ റയാന്‍ എയര്‍ വിമാനം മാഞ്ചസ്റ്ററിലേക്കു പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ തീപ്പിടുത്ത മുന്നറിയിപ്പ് ലഭിച്ചതോടെ യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടായി. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
വിമാനം റണ്‍വെയില്‍ നില്‍ക്കുമ്പോള്‍ ഫയര്‍ അലാര്‍ം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു.
ചിലര്‍ എമര്‍ജന്‍സി എക്‌സിറ്റുകള്‍ വഴി പുറത്തേക്കിറങ്ങിയപ്പോള്‍, നിരവധി പേര്‍ വിമാനം നിന്നിരുന്ന വിങ്ങില്‍ കയറി നേരിട്ട് റണ്‍വെയിലേക്ക് ചാടുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും, ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തു.
അഗ്‌നിശമനസേനയും മെഡിക്കല്‍ ടീമുകളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. യാത്രക്കാര്‍ വിങ്ങില്‍ നിന്ന് ചാടുന്നതും റണ്‍വെയിലൂടെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.