/sathyam/media/media_files/2026/03/06/untitled-2026-03-06-11-30-22.jpg)
സാന്‍ ഫ്രാന്‍സിസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം പരിഗണിച്ച് തങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി പ്രമുഖ ഉപഗ്രഹ ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സ്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇനി മുതല്‍ 96 മണിക്കൂര്‍ വൈകി മാത്രമേ ലഭ്യമാകൂ. സൈനിക നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും തത്സമയ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നടപടി.
ഗള്‍ഫ് രാജ്യങ്ങള്‍, ഇറാഖ്, കുവൈറ്റ്, യുദ്ധം നടക്കുന്നതിന് തൊട്ടടുത്തുള്ള മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കാണ് 96 മണിക്കൂര്‍ കാലതാമസം ബാധകം.
തത്സമയ ചിത്രങ്ങള്‍ ഉപയോഗിച്ച് യുദ്ധക്കെടുതികള്‍ വിലയിരുത്തുന്നതും പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും തടയുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
നാറ്റോ പങ്കാളികളായ സൈനികരുടെയും ആ പ്രദേശങ്ങളിലെ സിവിലിയന്മാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, ഇറാന്റെ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് നിലവില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഇറാന്റെ ദൃശ്യങ്ങള്‍ തത്സമയം തന്നെ തുടര്‍ന്നും ലഭ്യമാകും. എന്നാല്‍ യുദ്ധത്തിന്റെ ഗതി മാറുന്നതനുസരിച്ച് നിയന്ത്രണമേര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയേക്കാമെന്നും കമ്പനി വരിക്കാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us