ധാക്ക: ധാക്കയിലെ കോളേജില്‍ വ്യോമസേനാ വിമാനം തകര്‍ന്നുണ്ടായ അപകടം വിവരിച്ച് അധ്യാപിക പൂര്‍ണിമ ദാസ്. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് പൂര്‍ണിമ സ്റ്റാഫ് റൂമില്‍ എത്തിയപ്പോഴാണ് പുറത്ത് വലിയ സ്‌ഫോടന ശബ്ദം കേട്ടത്. പെട്ടെന്ന് പുറത്തേക്ക് ഓടി.
കൂടെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്‍ ശരീരം മുഴുവന്‍ തീപിടിച്ച് പൂര്‍ണിമയുടെ അടുത്തേക്ക് ഓടി. അദ്ദേഹം സഹായത്തിനായി നിലവിളിച്ചു. പൂര്‍ണിമയ്ക്ക് കാര്യം മനസ്സിലാകുന്നതിന് മുമ്പ്, അദ്ദേഹം നിലത്ത് വീണു.
ചുറ്റും നോക്കിയപ്പോള്‍ സ്‌കൂളിന്റെ ഇടനാഴിയില്‍ മുഴുവന്‍ തീ പടര്‍ന്നിരിക്കുന്നത് കണ്ടു. കുറച്ചു മുന്‍പ് താന്‍ പഠിപ്പിച്ച കുട്ടികള്‍ ഒരു തീഗോളം പോലെ സ്വയം രക്ഷിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു.
ബംഗ്ലാദേശിലെ ധാക്കയിലുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂളിലും കോളേജിലുമാണ് ഈ സംഭവം നടന്നത്. തിങ്കളാഴ്ച, ഒരു വ്യോമസേനാ വിമാനം ബാലന്‍സ് തെറ്റി സ്‌കൂളിന് മുകളില്‍ ഇടിച്ചുകയറി. ഈ അപകടത്തില്‍ 16 കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ മരിക്കുകയും 100 ലധികം പേര്‍ക്ക് തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ മരണസംഖ്യ 27 ആയി.
സംഭവത്തിനുശേഷം, 80 ശതമാനം കുട്ടികളും വീട്ടിലേക്ക് പോയി. ക്യാമ്പസ് മുഴുവന്‍ ഭയാനകമായ ശബ്ദങ്ങള്‍ കൊണ്ട് പ്രതിധ്വനിച്ചു.
എന്റെ കണ്‍മുന്നില്‍ കൊച്ചുകുട്ടികള്‍ ജീവനോടെ വെന്തുമരിച്ചു. ചില കുട്ടികളെ രക്ഷിക്കാന്‍ ഞാന്‍ ഓടിച്ചെന്ന് വാഷ്റൂമില്‍ നിന്ന് വെള്ളം കൊണ്ടുവന്നു, പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. കെട്ടിടം മുഴുവന്‍ തീപിടിച്ചിരുന്നു. ആരോ എന്നെ പുറത്തെടുത്തു. പൂര്‍ണിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'അഞ്ച് മിനിറ്റിനുശേഷം ഞാന്‍ തിരിച്ചെത്തിയപ്പോള്‍, എല്ലായിടത്തും കത്തിക്കരിഞ്ഞ ശരീരങ്ങള്‍ കിടന്നിരുന്നു.
എനിക്ക് ഒരു പോറലും ഏല്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ ആ ക്ലാസ്സില്‍ നിന്ന് കുറച്ച് മുമ്പ് പുറത്തുവന്നതേയുള്ളൂ. ആ നിഷ്‌കളങ്കരായ കുട്ടികളുടെ മുഖങ്ങള്‍ എന്റെ കണ്‍മുന്നില്‍ മിന്നിമറയുന്നു.' പൂര്‍ണിമ ദാസ് പറയുന്നു.