വത്തിക്കാൻ സിറ്റി: ലബനനിൽ നടക്കുന്ന ദാരുണ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനത്ത ബോംബിംഗിൽ മരണവും നാശവും നടക്കുന്ന ലബനനിൽനിന്നുള്ള വാർത്തകൾ തന്നെ ദുഃഖിപ്പിക്കുന്നതായി മാർപാപ്പ പറഞ്ഞു. സംഘർഷം വർധിപ്പിക്കുന്ന നീക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ല.
ലബനീസ് ജനതയുടെ സഹനത്തിൽ താനൊപ്പമുണ്ടെന്നു മാർപാപ്പ കൂട്ടിച്ചേർത്തു. യുക്രെയ്നിൽ യുദ്ധക്കെടുതി നേരിടുന്നവർക്കും ഇറാനിലെ കൽക്കരി ഖനി സ്ഫോടനത്തിൽ മരിച്ചവർക്കും വേണ്ടി മാർപാപ്പ പ്രാർഥിച്ചു.