പാകിസ്താന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയത്തിന്റെ അവകാശവാദവുമായി മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷരീഫും ഇമ്രാന്‍ ഖാനും. പാകിസ്താനില്‍ അസ്വാഭാവികമായി തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിനിടെയാണ് നേതാക്കള്‍ വിജയപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഭൂരിഭാഗം സീറ്റുകളുടെയും ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഏത് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം കൂടുതലെന്ന് വ്യക്തമായിട്ടില്ല.
നിലവില്‍ വിവിധ കേസുകളില്‍ ശിക്ഷയനുഭവിച്ച് ജയിലില്‍ കഴിയുന്ന പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് (പിടിഐ)നേതാവ് ഇമ്രാന്‍ ഖാന്‍ വിജയം പ്രഖ്യാപിക്കുകയും തന്റെ അണികളോട് വിജയാഘോഷം നടത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചാണ് ഇമ്രാന്‍ ഖാന്‍ സന്തോഷം പ്രകടിപ്പിച്ചത്.