ഖത്തര്‍: വയനാട് ദുരന്തത്തിൽ വീടുകളുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരേയും, പരക്കേറ്റ് ചികിത്സയിൽ കഴിയുന്നവരേയും, തൊഴിലെടുക്കാൻ കഴിയാത്തവരേയും, വിദ്യാർത്ഥികളേയും, അംഗഹീനരായവരേയും സഹായിക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുന്ന ഒഐസിസി യുടേയും കെപിസിസിയുടേയും പരിപാടികളുടെ ഖത്തറിലെ ഏകീകരണത്തിന് റീലീഫ് കമ്മിറ്റി രൂപീകരിച്ചു.
ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി നിർവ്വാഹ സമിതിയംഗം ജൂട്ടസ്സ് പോൾ ചെയർമാനും, യുത്ത് വിംഗ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നദീം മാനർ കൺവീനറുമായി രൂപീകരിച്ച കമ്മിറ്റി ഒഐസിസിയുടേയും കെപിസിസിയുടേയും കേന്ദ്ര നേതൃത്വവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ കെടുതികൾ വ്യത്യസ്ത രീതിയിൽ അനുഭവിക്കുന്നവരുടെ തുടർ ജീവിതത്തിന് വേണ്ടുന്ന ആവശ്യങ്ങളറിഞ്ഞുള്ള പദ്ധതികൾക്കാണ് ഒഐസിസിയും കെപിസിസിയും സംയുക്തമായി രൂപം കൊടുക്കുന്നതെന്നും സമീർ ഏറാമല പറഞ്ഞു.
2018 ലെ മഹാ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി 12 വീടുകൾ നിർമ്മിച്ചുകൊടുത്ത് നിരാലംബർക്ക് കൈത്താങ്ങായി ആദ്യം ഓടിയെത്തിയത് ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയാണെന്ന് പ്രസിഡണ്ട് സമീർ എറാമല ഓർമ്മപ്പെടുത്തി.
രാഹൂൽ ഗാന്ധി വയനാടിനായി പ്രഖ്യാപിച്ച 100 വീടുകളുടേതുൾപ്പെടെയുള്ള പദ്ധതികൾക്ക് നേതൃത്വം നല്കുന്ന എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും, കെപിസിസിയുടെ അദ്ധ്യക്ഷൻ കെ സുധാകരനും, ഒഐസിസിയുടെ ചുമതല വഹിക്കുന്ന ജയിംസ് കൂടലിനും എല്ലാ പിന്തുണയും, സഹകരണവും സെൻട്രൽ കമ്മിറ്റിയും, ജില്ലാകമ്മിറ്റി കളും നല്കുമെന്ന് സമീർ പറഞ്ഞു.
സംഘനാകാര്യ ജനറൽ സെക്രട്ടറി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും, ജോയിന്റ് ട്രഷറർ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു.