/sathyam/media/media_files/2025/09/23/rasaga-2025-09-23-19-06-31.jpg)
ബെയ്ജിംഗ്: റഗാസ ചുഴലിക്കാറ്റിനെ നേരിടാൻ സന്നാഹമൊരുക്കി ചൈന. ഫിലിപ്പീൻസിൽ ഇതിനകം മൂന്ന് പേരുടെ മരണത്തിനും വൻനാശനഷ്ടത്തിനും ഇടയാക്കിയ റഗാസ അതിവേഗത്തിൽ ചൈനീസ് തീരത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.
ചൊവ്വാഴ്ച തെക്കൻ ചൈനീസ് നഗരങ്ങളിൽ സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കാറ്റിനെയും മഴയെയും പ്രതിരോധിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. പല മാർക്കറ്റുകളിലും ഭക്ഷണ വസ്തുക്കൾ അടക്കമുള്ള അവശ്യസാധനങ്ങൾ അതിവേഗത്തിൽ വിറ്റു തീർന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ബുധനാഴ്ച ഉച്ചയോടെ ഗുവാങ്‌ഡോങ്ങിലെ സുഹാ – ഷാൻജിയാങ് നഗരങ്ങൾക്ക് ഇടയിലുള്ള തീരപ്രദേശത്തു കൂടിയാവും ചുഴലിക്കാറ്റ് കരയിലേക്ക് കയറുക എന്ന് ചൈനയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോങ്കോങ്ങിലും അയൽ നഗരമായ മക്കാവോയിലും സ്കൂളുകൾ അടച്ചിട്ടുണ്ട്.
തായ് വാനിലും ഫിലിപ്പീൻസിലും കനത്ത നാശനഷ്ടമാണ് റഗാസ വരുത്തിവെച്ചത്. ഫിലിപ്പീൻസിൽ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തിരുന്നു. 17,500 ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായും ദുരന്തനിവാരണ ഏജൻസി പറയുന്നു.