/sathyam/media/media_files/2025/06/02/ULMoD2fmvxSF0PWG2QWr.jpg)
കീവ്: യുക്രെയ്നിൽ വലിയ രീതിയിൽ ആക്രമണം അഴിച്ചുവിട്ട് റഷ്യ. യുക്രെയ്ന് നേരെ റഷ്യ 40 മിസൈലുകളും 580 ഓളം ഡ്രോണുകളും പ്രയോഗിച്ചതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇന്നലത്തെ ആക്രമണമെെന്നാണ് വിവരം, ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അറിയിച്ചു.
സമാധാന ശ്രമങ്ങൾ നടത്താൻ അമേരിക്കയുടെ നേതൃത്വത്തിൽ ശ്രമിച്ചിട്ടും, റഷ്യ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്‌നിനെതിരെ ഷെല്ലാക്രമണം നടത്തുകയാണെന്ന് സെലെൻസ്കി പറഞ്ഞു. സമാധാന ശ്രമങ്ങൾ മനഃപൂർവ്വം തടസ്സപ്പെടുത്തിയതിന് റഷ്യയെ സെലെൻസ്കി കുറ്റപ്പെടുത്തുകയും ചെയ്തു.
റഷ്യ രാത്രിയിൽ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ, കിഴക്കൻ നഗരമായ ഡിനിപ്രോയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ പതിച്ചുവെന്നും സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ പറഞ്ഞു. രാത്രി മുഴുവൻ, യുക്രെയ്ൻ റഷ്യയുടെ വൻ ആക്രമണത്തിന് വിധേയമായിരുന്നുവെന്നും, 40 ക്രൂയിസ്- ബാലിസ്റ്റിക് മിസൈലുകളാണ് യുക്രെയ്ന് നേരെ പാഞ്ഞുവന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. തലസ്ഥാനമായ കീവിന് ചുറ്റുമുള്ള മേഖലയിലെ മറ്റ് ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തതോടെ യുക്രെയ്ൻ രാജ്യവ്യാപകമായി വ്യോമ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.