മോസ്കോ: തന്റെ റഷ്യാ സന്ദർശനത്തിനിടയിൽ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്‌ലീനാണ് ക്രെംലിനിൽ നിന്നും ലഭിച്ചത്.
ഉക്രൈൻ സംഘർഷത്തിന് യുദ്ധത്തിലൂടെ പരിഹാരം സാധ്യമല്ലെന്നും ബോംബുകൾക്കും തോക്കുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ സമാധാന ചർച്ചകൾ വിജയിക്കില്ലെന്നും ഉഭയകക്ഷി ചർച്ചയ്ക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് പ്രധാനമന്ത്രി പറഞ്ഞു.
"ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തലൻ സ്വീകരിക്കുന്നതിൽ അഭിമാനമുണ്ട്. ഞാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു," അവാർഡ് ഏറ്റുവാങ്ങിയ ശേഷം എക്‌സിൽ മോദി കുറിച്ചു.
യേശുവിന്റെ ആദ്യ അപ്പോസ്തലനും റഷ്യയുടെ രക്ഷാധികാരിയുമായ വിശുദ്ധ ആൻഡ്രൂവിനോടുള്ള ബഹുമാനാർത്ഥം 1698-ൽ സാർ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ചതാണ് റഷ്യയുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തലൻ.
ഉക്രൈൻ തലസ്ഥാനമായ കൈവിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ മിസൈലാക്രമണം തീർത്തും അപലപനീയമാമെന്ന് നരേന്ദ്ര മോദി പറഞ്ഞു. നിരപരാധികളായ കുട്ടികളുടെ മരണം വളരെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.