മോസ്‌കോ: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഹെലികോപ്‌ടര്‍ തകര്‍ന്ന് അപകടത്തില്‍ പെട്ട 17 മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ ദിവസം 19 വിനോദ സഞ്ചാരികളും മൂന്ന് ജീവനക്കാരുമടക്കം 22 പേരുമായി പറന്നുയര്‍ന്ന ഹെലികോപ്‌ടര്‍ കാണാതായിരുന്നു. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഹെലികോപ്‌ടര്‍ അപ്രത്യക്ഷമാവുന്നത്.
രാവിലെ മലയോര മേഖലയിൽ രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലില്‍ ഹെലികോപ്‌ടറിൻ്റെ അവശിഷ്‌ടങ്ങൾ കണ്ടതായി കംചട്‌ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് അറിയിച്ചിരുന്നു.
റഡാറിൽ നിന്ന് തെന്നിമാറിയ സ്ഥലത്തിന് സമീപമാണ് ഹെലികോപ്‌ടര്‍ കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്‌തിട്ടുണ്ടെന്നും തെരച്ചിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ കിഴക്കൻ മേഖലയിൽ വിമാനങ്ങളും ഹെലികോപ്‌ടറുകളും അപകടത്തില്‍പ്പെടുന്നത് വളരെ സാധാരണമാണ്. ജനസാന്ദ്രത കുറവുള്ള മേഖലയാണിത്.
പല പ്രദേശങ്ങളിലേക്കും ഹെലികോപ്റ്റടറിൽ മാത്രമേ എത്തിച്ചേരാനാകൂ. 2021 ഓഗസ്റ്റിൽ 13 വിനോദസഞ്ചാരികളുൾപ്പെടെ 16 പേരുമായി പറന്ന എംഐ8 ഹെലികോപ്റ്റർ കംചത്കയിലെ തടാകത്തിൽ തകർന്നുവീണിരുന്നു.