ഇറാന്റെ നതാൻസ് ആണവനിലയത്തിന് കേടുപാടുകൾ; ദൃശ്യങ്ങൾ പുറത്തുവിട്ട് ഉപഗ്രഹചിത്രങ്ങൾ

ഇറാന്റെയും അയല്‍രാജ്യങ്ങളുടെയും അന്തരീക്ഷത്തില്‍ റേഡിയേഷന്‍ അളവില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഗ്രോസി അറിയിച്ചു

New Update
Untitled

ടെഹ്റാന്‍: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലുള്ള നതാന്‍സ് (ഷാഹിദ് അഹ്‌മദി റോഷന്‍) ആണവനിലയത്തിന് യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ആണവനിലയങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നെന്ന ഇറാന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുതുതായി പുറത്തുവന്ന ദൃശ്യങ്ങള്‍.

Advertisment

മാര്‍ച്ച് 1, 2 തീയതികളില്‍ വാന്റ്റര്‍ എടുത്ത ചിത്രങ്ങളില്‍ നിലയത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി കാണാം. കഴിഞ്ഞ ജൂണില്‍ നടന്ന സംഘര്‍ഷത്തിലും ഈ ആണവനിലയം പ്രധാന ലക്ഷ്യമായിരുന്നു.


തങ്ങളുടെ സമാധാനപരമായ ആണവ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണ് അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലെ ഇറാന്റെ അംബാസഡര്‍ റെസ നജാഫി ആരോപിച്ചു. 'ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു എന്നത് വെറും പച്ചക്കള്ളമാണ്.

നതാന്‍സിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്,' വിയന്നയില്‍ നടന്ന ഐ.എ.ഇ.എ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ പ്രത്യേക യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇറാന്റെ വാദങ്ങളെ ഐ.എ.ഇ.എ മേധാവി റാഫേല്‍ ഗ്രോസി ഭാഗികമായി നിഷേധിച്ചു. ഇറാനിലെ ബുഷെര്‍ ആണവനിലയമോ ടെഹ്റാനിലെ ഗവേഷണ റിയാക്ടറോ മറ്റ് ആണവ ഇന്ധന കേന്ദ്രങ്ങളോ തകര്‍ക്കപ്പെട്ടതായി ഇതുവരെ സൂചനയില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, യുദ്ധം മൂലം ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ഇറാന്റെ ആണവ നിയന്ത്രണ അതോറിറ്റിയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇറാന്റെയും അയല്‍രാജ്യങ്ങളുടെയും അന്തരീക്ഷത്തില്‍ റേഡിയേഷന്‍ അളവില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഗ്രോസി അറിയിച്ചു. എങ്കിലും, മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക് നേരെയുള്ള സൈനിക നീക്കങ്ങള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


ടെഹ്റാനില്‍ നിന്ന് 220 കിലോമീറ്റര്‍ തെക്ക് മാറിയാണ് നതാന്‍സ് നിലയം സ്ഥിതി ചെയ്യുന്നത്. ആയുധ നിലവാരത്തിലുള്ള 90% യുറേനിയം സമ്പുഷ്ടീകരണത്തിന് തൊട്ടടുത്ത ഘട്ടമായ 60% വരെ യുറേനിയം ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നതായാണ് വിവരം.

കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഈ കേന്ദ്രത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ 22-ന് അമേരിക്ക നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ ഭൂഗര്‍ഭ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.

Advertisment