/sathyam/media/media_files/2026/03/01/untitled-2026-03-01-10-39-39.jpg)
ടെഹ്റാന്‍: ഇറാനിലെ മിനാബ് നഗരത്തിലുള്ള സ്‌കൂളിന് നേരെ യുഎസ്-ഇസ്രായേല്‍ സംയുക്ത സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 108 ആയി ഉയര്‍ന്നതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച വ്യോമാക്രമണ പരമ്പരയിലെ ഏറ്റവും ദാരുണമായ സംഭവമാണിത്.
സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് റെഡ് ക്രസന്റ് വക്താവ് വ്യക്തമാക്കി.
ശനിയാഴ്ച നടന്ന വിവിധ ആക്രമണങ്ങളിലായി ഇതുവരെ 201 പേര്‍ കൊല്ലപ്പെട്ടതായും 747 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
സിവിലിയന്മാര്‍ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. സിവിലിയന്‍ സുരക്ഷയ്ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ കാണുന്നുവെന്നും പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
'അക്രമികള്‍ ചെയ്ത എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത പേജാണ് ഈ ക്രൂരകൃത്യം,' എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തില്‍ തകര്‍ന്നടിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന് സമീപം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 'വിദ്യാര്‍ത്ഥി രക്തസാക്ഷികള്‍' എന്നാണ് റെഡ് ക്രസന്റ് കൊല്ലപ്പെട്ട കുട്ടികളെ വിശേഷിപ്പിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അനിശ്ചിതകാല അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us