പാകിസ്ഥാനിൽ സൈനിക ചെക്ക്‌പോസ്റ്റിലേക്ക് ചാവേർ ആക്രമണം: 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടു

സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

New Update
Untitled

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബജൂര്‍ ജില്ലയില്‍ സൈനിക ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു കുട്ടിയും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക ക്യാമ്പിന്റെ മതിലിലേക്ക് തീവ്രവാദികള്‍ ഇടിച്ചുകയറ്റിയത്.

Advertisment

സൈനികര്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറാനായിരുന്നു തീവ്രവാദികളുടെ ശ്രമം. എന്നാല്‍ സുരക്ഷാ സേന ഇത് തടഞ്ഞതോടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ചെക്ക്പോസ്റ്റിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റി പൊട്ടിത്തെറിക്കുകയായിരുന്നു.


സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച 12 തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നു.

നിരോധിത സംഘടനയായ 'തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

പാകിസ്ഥാനില്‍ സമീപകാലത്ത് സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.

Advertisment