/sathyam/media/media_files/2026/03/02/untitled-2026-03-02-13-03-55.jpg)
ടെഹ്റാന്‍: അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ അലി ലാരിജാനി വ്യക്തമാക്കി. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാന്‍ ഭരണകൂടം ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
തിങ്കളാഴ്ച എക്‌സിലൂടെയാണ് ലാരിജാനി ഇറാന്റെ ശക്തമായ നിലപാട് അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങളാണ് മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇറാന്‍ തുനിയുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യം ഇപ്പോള്‍ 'ഇസ്രായേല്‍ ഫസ്റ്റ്' ആയി മാറിയിരിക്കുകയാണ്. ഇസ്രായേലിന്റെ അധികാര മോഹങ്ങള്‍ക്കായി ട്രംപ് അമേരിക്കന്‍ സൈനികരെ ബലികൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇറാന്‍ ഒരു രാജ്യത്തിനുനേരെയും ആക്രമണം തുടങ്ങിവെച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനുള്ള ഇറാന്‍ സൈന്യത്തിന്റെ പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുമെന്ന ഭയത്തിലാണ് ട്രംപ് ഇപ്പോള്‍ ഉള്ളതെന്നും ലാരിജാനി പരിഹസിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈല്‍ താവളങ്ങളും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ ഈ കര്‍ശന നിലപാട് പുറത്തുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us