സോള്‍: യു.എസ്- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് ബോംബുകള്‍ വര്‍ഷിച്ച് ദക്ഷിണ കൊറിയന്‍ യുദ്ധവിമാനങ്ങള്‍.
സിയോളില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്കുകിഴക്കായി, ഉത്തരകൊറിയ അതിര്‍ത്തിക്കടുത്തുള്ള പോച്ചിയോണില്‍ നടന്ന സൈനികാഭ്യാസത്തിനിടെ ബോംബ് വർഷിച്ചത്.
സ്‌ഫോടനത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 2 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
സൈനികാഭ്യാസത്തിനിടെ രണ്ട് ദക്ഷിണ കൊറിയന്‍ യുദ്ധവിമാനങ്ങള്‍ എട്ട് ബോംബുകള്‍ വര്‍ഷിച്ചത്. വീടുകളുടെയും ആരാധനാലയങ്ങളുടെയും മുകളിലാണ് ബോംബുകള്‍ പതിച്ചത്.
സ്‌ഫോടനത്തില്‍ രണ്ടു കെട്ടിടങ്ങളും ആരാധനാലയത്തിന്റെ ഭാഗവും ട്രക്കും തകര്‍ന്നു.
രണ്ട് കെഎഫ്-16 ജെറ്റുകളില്‍ നിന്നുള്ള എട്ട് 500 പൗണ്ട് (225 കിലോഗ്രാം) എംകെ 82 ബോംബുകള്‍ സംയുക്ത ലൈവ്-ഫയര്‍ അഭ്യാസത്തിനിടെ ഷൂട്ടിങ് റേഞ്ചിന് പുറത്ത് വീണതായി ദക്ഷിണ കൊറിയന്‍ വ്യോമസേന അറിയിച്ചു.
പൈലറ്റ് തെറ്റായ നിര്‍ദേശം നല്‍കിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും വ്യോമസേന അറിയിച്ചു.