/sathyam/media/media_files/YOPVffACqoPYRchl8KbD.jpg)
ഒട്ടാവ: കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ എല്ലാ ചാര ശൃംഖലയെയും കുറിച്ച് തങ്ങള്‍ കഴിഞ്ഞ 2-3 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ.
കനേഡിയൻ പബ്ലിക് ബ്രോഡ്‌കാസ്റ്ററായ സിബിസി ന്യൂസിൽ സംസാരിക്കുമ്പോഴാണ് എസ്എഫ്‌ജെ ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസുമായി ആശയവിനിമയം നടത്താറുണ്ടെന്ന് പന്നൂൻ വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആർസിഎംപിയും (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുന്നത് പോസിറ്റീവായി കാണുന്നുവെന്നും, ഇത് നീതിക്കായുള്ള ചുവടുവയ്പാണെന്നും പന്നൂന്‍ പറഞ്ഞു.
"നീതിയോടും നിയമവാഴ്ചയോടും ദേശീയ സുരക്ഷയോടും ഉള്ള കാനഡയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി ട്രൂഡോ നടത്തിയ പ്രസ്താവന കാണിക്കുന്നത്. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷണറുടെ എല്ലാ ചാര ശൃംഖലയെക്കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്"-വീഡിയോയില്‍ ഗുർപത്വന്ത് സിംഗ് പന്നൂൻ പറഞ്ഞു.
BIG: India’s designated Khalistani Terrorist Gurpatwant Singh Pannun’s confession on Canadian National Broadcaster @CBCNews on direct links with Prime Minister Justin Trudeau since last three years, giving information against India on which Trudeau finally acted without evidence. pic.twitter.com/kIz4PZehDy
— Aditya Raj Kaul (@AdityaRajKaul) October 16, 2024
ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കുന്നത് നീതിയുടെ അവസാന വഴിയല്ലെന്നും, ആരംഭം മാത്രമാണെന്നും പന്നൂന്‍ പറയുന്നു.
വാൻകൂവറിലെയും ടൊറൻ്റോയിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ അടച്ചുപൂട്ടേണ്ടതുണ്ടെന്നാണ് ഖാലിസ്ഥാനി അനുകൂല സിഖുകാരനെന്ന നിലയിലും കനേഡിയന്‍ എന്ന നിലയിലും തോന്നുന്നതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടു.
കാനഡയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഖാലിസ്ഥാന്റെ കരമുണ്ടെന്ന വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് മറനീക്കി പുറത്തുവരുന്നത്.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. കാനഡയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പിന്നാലെ ആറു കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു.