Advertisment

ഇക്കൊല്ലത്തെ ഏറ്റവും ശക്തമായ കാറ്റിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ജപ്പാന്‍; എത്തുന്നത് ഷാന്‍ഷന്‍ ചുഴലിക്കൊടുങ്കാറ്റ്; പതിനായിരങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദേശം

കാലാവസ്ഥ അനുസരിച്ച് ടോക്കിയോ -ഫുക്കുവോക്ക നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളും റദ്ദാക്കിയേക്കും. അംപില്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് ഷാന്‍ഷന്‍ എത്തുന്നത്.

New Update
SHANSHAN

ടോക്യോ: ഇക്കൊല്ലത്തെ ഏറ്റവും ശക്തമായ കാറ്റിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ജപ്പാന്‍. പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം. തെക്കന്‍ ദ്വീപ് മേഖലയായ കൈഷുവിനെ ലക്ഷ്യമാക്കിയാണ് ഷാന്‍ഷന്‍ എന്ന് പേരിട്ടുള്ള ചുഴലിക്കാറ്റ് നീങ്ങുന്നത്.

Advertisment

ശക്തമായ കാറ്റാകുമിതെന്നാണ് വിലയിരുത്തല്‍. വന്‍ തിരമാലകള്‍ക്കും ഇത് കാരണമായേക്കാം. മണ്ണിടിച്ചിലടക്കം ഉണ്ടാകാമെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.

രാജ്യം ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം കടുത്ത ചുഴലിക്കാറ്റാകുമെന്നും സര്‍ക്കാരിന്‍റെ ഉന്നത വക്താവ് കൂടിയായ ഹയാഷി പറഞ്ഞു.

252 കിലോമീറ്റര്‍ ആണ് നിലവില്‍ കാറ്റിന്‍റെ വേഗത. ഇതിനകം തന്നെ ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. മുന്നറിയിപ്പ് നിലവില്‍ വന്നതോടെ തന്നെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ പതിനാല് ഫാക്‌ടറികളിലും ഉത്പാദനം നിര്‍ത്തിവച്ചു.

ബുധനാഴ്‌ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു വീട് തകര്‍ന്ന് രണ്ട് പേരെ കാണാതായിരുന്നു. ഇതില്‍ ഒരു സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. കാണാതായ പുരുഷന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. 56000 പേരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ട് ദിവസം കൊണ്ട് മേഖലയില്‍ 1100 മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കഗോഷിമ, മിയാസാക്കി മേഖലകളില്‍ മൊത്തം ലഭിക്കുന്ന വാര്‍ഷിക ശരാശരിയുടെ ഏതാണ്ട് പകുതിയോളം വരുമിത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് 172 ആഭ്യന്തര വിമാനസര്‍വീസുകള്‍ റദ്ദാക്കി. എഎന്‍എ 219 ആഭ്യന്തര സര്‍വീസുകളും നാല് രാജ്യാന്തര സര്‍വീസുകളും റദ്ദാക്കി. റദ്ദാക്കലുകള്‍ 25000 യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. ചില ഷിന്‍ങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിനുകളും റദ്ദാക്കിയേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

കാലാവസ്ഥ അനുസരിച്ച് ടോക്കിയോ -ഫുക്കുവോക്ക നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളും റദ്ദാക്കിയേക്കും. അംപില്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് ഷാന്‍ഷന്‍ എത്തുന്നത്.

ഈ മാസം ആദ്യമുണ്ടായ അംപില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി വിമാന-ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. അംപിലിനെ തുടര്‍ന്ന് രാജ്യത്ത് ശക്തമായ മഴയുണ്ടായെങ്കിലും നാശനഷ്‌ടങ്ങള്‍ പൊതുവെ കുറവായിരുന്നു.

Advertisment