ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആണവായുധ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും ദേശീയ പ്രതിരോധത്തിനുമാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യയുമായി നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമോയെന്ന അഭ്യൂഹങ്ങള്‍ തള്ളി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ആക്രമണത്തിനായല്ല, സമാധാനത്തിനും സ്വയം പ്രതിരോധത്തിനുമാണ്.' ഇന്ത്യയുമായി നാല് ദിവസം നീണ്ട സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ 55 പൗരന്മാരെ നഷ്ടപ്പെട്ടുവെന്നും, അതിനുള്ള മറുപടിയായി പാകിസ്ഥാന്‍ ശക്തമായ തിരിച്ചടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ സംയുക്ത സൈനിക ആക്രമണം നടത്തി.
മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്‌ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്കെ, സിയാല്‍ക്കോട്ടിനടുത്തുള്ള ക്യാമ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ഒമ്പത് ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു.
ബഹവല്‍പൂരിലെ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെടെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു.
പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷം തുടരുന്നതിനിടയിലും, പാകിസ്ഥാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവര്‍ത്തിച്ചു.