ധാക്ക: കോടതിയലക്ഷ്യ കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു.
അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ഡി. ഗുലാം മുര്‍ത്തസ മംജുദാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അറസ്റ്റ് ചെയ്യുകയോ കീഴടങ്ങുകയോ ചെയ്യുന്ന ദിവസം മുതല്‍ ശിക്ഷ പ്രാബല്യത്തില്‍ വരും.
ഹസീനയ്ക്കൊപ്പം ഗൊബിന്ദഗഞ്ച് സ്വദേശി ഷക്കീല്‍ അകന്ദ് ബുള്‍ബുളിനെയും ശിക്ഷിച്ചു; അകന്ദിന് രണ്ട് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ബുള്‍ബുള്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛാത്ര ലീഗുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകനാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹസീനയും ബുള്‍ബുളും നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നിരുന്നു.
'എനിക്ക് എതിരെ 277 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ എനിക്ക് 277 പേരെ കൊല്ലാനുള്ള ലൈസന്‍സ് ലഭിച്ചു' എന്നായിരുന്നു ഹസീനയുടെ വിവാദ പരാമര്‍ശം. ഇതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്തതും, ഇപ്പോള്‍ ശിക്ഷ വിധിച്ചതും.