ഷിൻസോ ആബെ വധക്കേസ്: പ്രതി ടെത്സുയ യമഗാമിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'യൂണിഫിക്കേഷന്‍ ചര്‍ച്ച്' എന്ന മതസംഘടനയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യമഗാമി മൊഴി നല്‍കിയിരുന്നു.

New Update
Untitled

ടോക്കിയോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ടെത്സുയ യമഗാമിക്ക് (45) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Advertisment

ബുധനാഴ്ച നാരാ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2022 ജൂലൈ എട്ടിന് പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഷിന്‍സോ ആബെ കൊല്ലപ്പെട്ടത്.


ഒക്ടോബറില്‍ ആരംഭിച്ച വിചാരണയ്ക്കിടെ താന്‍ ആബെയെ വെടിവെച്ചതായി യമഗാമി കോടതിയില്‍ സമ്മതിച്ചിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 


പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും, ജപ്പാനിലെ നിയമപ്രകാരം ഒന്നിലധികം പേരെ കൊലപ്പെടുത്തിയ കേസുകളിലാണ് സാധാരണയായി വധശിക്ഷ നല്‍കാറുള്ളത് എന്നതിനാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരം കോടതി ജീവപര്യന്തം ശിക്ഷ തീരുമാനിക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം

ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'യൂണിഫിക്കേഷന്‍ ചര്‍ച്ച്' എന്ന മതസംഘടനയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യമഗാമി മൊഴി നല്‍കിയിരുന്നു.

യമഗാമിയുടെ അമ്മ ഈ സംഘടനയ്ക്ക് വന്‍തോതില്‍ പണം നല്‍കിയതിനെത്തുടര്‍ന്ന് കുടുംബം പാപ്പരായിരുന്നു. ഈ സംഘടനയെ ഷിന്‍സോ ആബെ പിന്തുണച്ചിരുന്നുവെന്നാരോപിച്ചാണ് യമഗാമി അദ്ദേഹത്തെ ലക്ഷ്യം വെച്ചത്.


ഈ സംഭവം ജപ്പാനിലെ ഭരണകക്ഷിയും വിവാദ മതസംഘടനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജപ്പാനില്‍ മതസംഘടനകള്‍ക്കുള്ള നികുതിയിളവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.


നാരാ റെയില്‍വേ സ്റ്റേഷന് പുറത്ത് പ്രസംഗിച്ചുകൊണ്ടിരുന്ന ആബെയെ സ്വന്തമായി നിര്‍മ്മിച്ച തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിവെച്ചത്. രണ്ട് തവണ വെടിയേറ്റ ആബെ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

Advertisment