ചെങ്കടല്‍ മേഖലയില്‍ ഹൂതി വിമതരുടെ ആക്രമണം തുടരുകയാണ്. ഈ ആക്രമണങ്ങള്‍ തടയാനായി പല ചരക്കു കപ്പലുകളും ദൃശ്യമായ സന്ദേശങ്ങള്‍ ഉപയോഗിച്ച് ജീവനക്കാരുടെ മതം വെളിപ്പെടുത്തുന്നുണ്ട്. "എല്ലാ ജീവനക്കാരും മുസ്ളിംകളാണ്", "എല്ലാ ജീവനക്കാരും ചൈനക്കാരാണ്", "ഇസ്രയേലുമായി ഈ കമ്പനിക്ക് ബന്ധമില്ല..." ഇങ്ങനെ പോകുന്നു സന്ദേശങ്ങള്‍.
ഇറാന്‍റെ പിന്തുണയുള്ള ഹൂതികള്‍ ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പലുകള്‍ ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച മാത്രം ഇസ്രയേലിലേയ്ക്കു പോയ രണ്ടു ചരക്കു കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഗാസയിലെ സംഘര്‍ഷത്തില്‍ പലസ്തീനിയന്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഹൂതികള്‍ പറയുന്നത്. ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതി ഇസ്രയേലുമായി ബന്ധമുള്ള കപ്പല്‍ കമ്പനികളെ നശിപ്പിക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ചു.
ഹൂതികളുടെ ഭീഷണിക്ക് പ്രതികരിക്കാനായി കപ്പല്‍ കമ്പനികള്‍ ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷന്‍ സിസ്ററത്തിലൂടെ (അകട) സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതിനു പുറമേ, ചില കപ്പലുകളാകട്ടെ തങ്ങളുടെ മുന്‍കാല യാത്രാ ചരിത്രം പോലും മാറ്റുകയാണത്രേ. മുമ്പ് ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ട കപ്പലുകളെ പോലും ഹൂതികള്‍ആക്രമിച്ചിട്ടുള്ളതായും വാര്‍ത്തകളുണ്ട്. ഹൂതികളുടെ പ്രത്യേക രഹസ്യാന്വേഷണ സംവിധാനങ്ങള്‍ വഴിയാണ് അവര്‍ ഇതു കണ്ടെത്തുന്നത് എന്നു വിദഗ്ധര്‍ അനുമാനിക്കുന്നു.
സുരക്ഷാ പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്തിയിട്ടും കപ്പല്‍ കമ്പനികള്‍ക്ക് ഇതു വലിയ വെല്ലുവിളിയായി തുടരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കഷ്ടിച്ചാണ് കപ്പലുകള്‍ പലതും രക്ഷപ്പെടുന്നതെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
2024 മാര്‍ച്ചില്‍ ഹൂതികള്‍ ചൈനീസ് നിര്‍മിതമായ ഒരു എണ്ണ ടാങ്കറിന്മേല്‍ ബാലിസ്ററിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. റഷ്യന്‍ കപ്പലുകളും ഹൂതി ആക്രമണത്തിനിരയായിട്ടുണ്ട്.
സുപ്രധാന ശക്തികളുടെ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തില്ലെന്ന് ഉറപ്പു നല്‍കിയിട്ടാണ് ഹൂതികള്‍ ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നത്.
അടുത്തിടെ ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ചെങ്കടല്‍ മേഖലയിലെ ഇന്‍ഷുറന്‍സ് ചെലവ് ഇരട്ടിയായി. പ്രശസ്ത ഇന്‍ഷുറന്‍സ് കമ്പനിയായ ഏയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലെ ഗാസയിലും ചെങ്കടലിലും ഇപ്പോഴും അപകട സാധ്യത കൂടുതലാണ്. ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ അപകടം പിടിച്ച റൂട്ടുകളില്‍ ഇന്‍ഷുറന്‍സ് താല്‍ക്കാലികമായി നിര്‍ത്തി വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.