/sathyam/media/media_files/2026/03/02/untitled-2026-03-02-10-13-53.jpg)
സിംഗപ്പൂര്‍: മധ്യേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, മേഖലയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച (മാര്‍ച്ച് 1) പുറത്തിറക്കിയ അറിയിപ്പില്‍ മധ്യേഷ്യയിലെ 15 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം ട്രാവല്‍ അഡൈ്വസറി പുറപ്പെടുവിച്ചത്.
സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായതിനാലും വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാലും ഇസ്രായേല്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ മാറ്റിവെക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
മധ്യേഷ്യയില്‍ നിലവിലുള്ള സിംഗപ്പൂര്‍ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഉള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചു.
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ സുരക്ഷിതമായ ഷെല്‍ട്ടറുകളിലേക്ക് മാറുക.
മേഖലയില്‍ കഴിയുന്നവര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ സഹായിക്കും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രായേലും ഇറാനും തമ്മില്‍ നടന്ന 12 ദിവസം നീണ്ടുനിന്ന വ്യോമയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത സംഘര്‍ഷമാണിത്. ഇറാനുമായുള്ള യുദ്ധം ഒരു മാസം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലോ (+65 6379 8800/8855) ഇമെയില്‍ വഴിയോ (mfa_duty_officer@mfa.gov.sg) ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us