എഡ്മിന്റന്‍: ദക്ഷിണേഷ്യന്‍ ബിസിനസ് ഉടമകളെ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന കവര്‍ച്ചയിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെല്ലാം ഇന്ത്യന്‍ വംശജരാണെന്ന് എഡ്മിന്റൻ പൊലീസ് അറിയിച്ചു. സൗത്ത്ഈസ്റ്റ് എഡ്മിന്റനിലെ ആറ് സ്ഥലങ്ങളില്‍ ഇപിഎസ്, ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ സെര്‍ച്ച് വാറണ്ടുകള്‍ നടപ്പിലാക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
ജഷാന്‍ദീപ് കൗര്‍(19), ഗുര്‍കരന്‍ സിംഗ്(19), മാനവ് ഹീര്‍(19), പര്‍മീന്ദര്‍ സിംഗ്(21), ദിവ്‌നൂര്‍ ആഷ്ത്(19) പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്.ക്രിമിനല്‍ സംഘത്തിന്റെ നേതാവെന്ന് കരുതുന്ന ഏഴാമത്തെ പ്രതിക്കായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചതായി പൊലീസ് പറഞ്ഞു. മുപ്പത്തിനാലുകാരനായ മണീന്ദര്‍ ദലിവാളിനായാണ് തിരച്ചില്‍ നടത്തുന്നത്.
വിദേശങ്ങളിലും കൊള്ളയടി ആസൂത്രണം ചെയ്യുന്ന ദലിവാളിനെ കണ്ടെത്താന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉള്‍പ്പെടെയുള്ള ഫെഡറല്‍, ഇന്റര്‍നാഷണല്‍ അന്വേഷണ സംഘവുമായി ചേര്‍ന്ന് എഡ്മന്റണ്‍ പൊലീസ് സര്‍വീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.